പൊന്നാനി നഗരസഭ വികസന പ്രവർത്തനങ്ങൾ; ഭൂമി ദൗർലഭ്യത്തിന് പരിഹാരമാകും
text_fieldsപൊന്നാനി: പൊന്നാനി നഗരസഭയുടെ വിവിധോദ്ദേശ്യ പദ്ധതികൾക്ക് തടസമായി നിന്നിരുന്ന ഭൂമി ദൗർലഭ്യത്തിന് പരിഹാരമാകുന്നു. നഗരസഭയുടെ വിവിധയിടങ്ങളിൽ റവന്യൂ ഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ജില്ല കലക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
പൊന്നാനി കർമ റോഡരികിൽ നഗരസഭയുടെ നേതൃത്വത്തിൽ നിർമിച്ച കുട്ടികളുടെ പാർക്ക്, കംഫർട്ട് സ്റ്റേഷൻ, കർമ പാലത്തിന് താഴെയുള്ള റവന്യൂ സ്ഥലം, ഹാർബറിൽ മാലിന്യ സംസ്കരണ പ്ലാന്റിനുള്ള സ്ഥലം, കർമ റോഡരികിൽ കൺവെൻഷൻ സെന്ററിനായി കണ്ടെത്തിയ സ്ഥലം, ഈഴുവത്തിരുത്തി ശ്മശാനത്തോട് ചേർന്നുള്ള സ്ഥലം എന്നിവിടങ്ങളിലെ റവന്യൂ ഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾക്കാണ് പരിഹാരമാകുന്നത്.
നഗരസഭ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന റവന്യൂ ഭൂമി രണ്ടാഴ്ചക്കുള്ളിൽ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ ടീം രൂപവത്കരിച്ച് സർവേ നടത്തി റിപ്പോർട്ട് കലക്ടർക്ക് കൈമാറാനാണ് യോഗത്തിൽ തീരുമാനമായത്. തുടർന്ന് വിശദ പദ്ധതി ശിപാർശ സർക്കാറിന് നൽകും. പാട്ട വ്യവസ്ഥയിലോ പൂർണമായും വിട്ടു നൽകുന്ന രീതിയിലോ ഭൂമി കൈമാറ്റത്തിനുള്ള തീരുമാനം സർക്കാർ എടുക്കും.
വിഷയത്തിൽ അനുഭാവപൂർവമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി. താലൂക്ക് ഓഫിസിൽ നടന്ന യോഗത്തിൽ കലക്ടർക്ക് പുറമെ പി. നന്ദകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.