പൊന്നാനിയിൽ മുനിസിപ്പൽ എൻജിനീയർ ഇല്ലാതായിട്ട് നാലുമാസം
text_fieldsപൊന്നാനി: സംസ്ഥാനത്തെ വലിയ നഗരസഭകളിലൊന്നായ പൊന്നാനിയിൽ മുനിസിപ്പൽ എൻജിനീയറില്ലാതായിട്ട് നാലുമാസം പിന്നിട്ടു. നഗരസഭയുടെ പദ്ധതി പ്രവർത്തനം അവതാളത്തിലായി.
ആവശ്യത്തിന് ഓവർസിയർമാർ ഇല്ലാത്തതിനാൽ നഗരസഭ പ്രവർത്തനം മന്ദഗതിയിലാണ്. പുനർനിർണയത്തെത്തുടർന്ന് 53 വാർഡുകളായി വർധിച്ച സംസ്ഥാനത്തെ ഏഴ് നഗരസഭകളിലൊന്നായ പൊന്നാനിയിൽ മുനിസിപ്പൽ എൻജിനീയറുടെ കസേര ഒഴിഞ്ഞിട്ട് മാസം നാല് പിന്നിട്ടു.
പൊതുമരാമത്ത് വിഭാഗം പദ്ധതികൾ, കേന്ദ്ര സർക്കാർ സ്കീമുകൾ, കെട്ടിട നിർമാണ അനുമതി, നഗരാസൂത്രണ പദ്ധതി പ്രവർത്തനം ഉൾപ്പെടെ പദ്ധതികൾ തയാറാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ട മുനിസിപ്പൽ എൻജിനീയറുടെ അഭാവം നഗരസഭ പ്രവർത്തനം മന്ദഗതിയിലാക്കാൻ ഇടവരുത്തുകയാണ്.
കൂടാതെ ആകെയുള്ള നാല് ഓവർ സീയർമാരിൽ രണ്ടുപേർക്ക് സ്ഥലംമാറ്റവുമുണ്ട്. മറ്റുള്ള താൽക്കാലിക ജീവനക്കാരാണ് എൻജിനീയറിങ് വിഭാഗത്തിലുള്ളത്. നിലവിൽ 51 വാർഡുകളുള്ള നഗരസഭയിൽ ആയിരങ്ങൾ ആശ്രയിക്കുന്ന എൻജിനീയറിങ് വിഭാഗത്തിലാണ് ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പൊന്നാനിയുടെ പകുതിപോലും വാർഡുകളില്ലാത്ത നഗരസഭകളിൽ പോലും അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെ ഉണ്ട്. എന്നാൽ ജനസാന്ദ്രതയും, വാർഡുകളുടെ എണ്ണവും കൂടുതലുള്ള പൊന്നാനിയിൽ പകുതിപോലും ജീവനക്കാർ എൻജിനീയറിങ് വിഭാഗത്തിലില്ല. 30 ലക്ഷം രൂപവരെയുള്ള പ്രവൃത്തികൾക്ക് അനുവാദം നൽകേണ്ടതും, മേൽനോട്ടം വഹിക്കേണ്ടതും അസി. എക്സിക്യൂട്ടീവ് എൻജിനീയറാണ്. നിലവിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യുട്ടീവ് എൻജിനീയറാണ് പൊന്നാനി നഗരസഭ പ്രവൃത്തികൾക്ക് അനുവാദം നൽകുന്നത്. അഞ്ച് ഗ്രാമ പഞ്ചായത്തുകളുടെയും ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതി നിർവഹണത്തിനിടെയാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പദ്ധതികൾ നടപ്പാക്കേണ്ട നഗരസഭകളിലൊന്നായ പൊന്നാനിയുടെയും ചുമതല പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കുള്ളത്.
അതേസമയം, നഗരസഭയിലെ ജീവനക്കാർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റമുണ്ടായി ആഴ്ചകൾ പിന്നിട്ടിട്ടും പകരം ജീവനക്കാരും എത്തിയിട്ടില്ല. ജീവനക്കാർ അധികമുള്ള നഗരസഭകളിൽനിന്ന് ജീവനക്കാരെ പൊന്നാനിയിൽ നിയമിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും സർക്കാറിൽ കാര്യമായ സമ്മർദ്ദം ചെലുത്താൻ എം.എൽ എ ഉൾപ്പെടെ ബന്ധപ്പെട്ടവർ ശ്രമിക്കാത്തതാണ് ദുരവസ്ഥക്കിടയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.