'വഴികാട്ടി’യുടെ വഴിയടഞ്ഞു
text_fieldsപൊന്നാനി: പൊന്നാനി നഗരസഭ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വഴികാട്ടി പ്രഥമ ശ്രുശൂഷാകേന്ദ്രം അടച്ചുപൂട്ടി. കെട്ടിടത്തിന്റെ ശോച്യാവസ്ഥയും ജീവനക്കാരില്ലാത്തതുമാണ് കേന്ദ്രം പൂട്ടിയിടാൻ കാരണമായത്. ആരോഗ്യമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പൊന്നാനി നഗരസഭ കാര്യാലയത്തിന് സമീപത്തായി അഞ്ചുവർഷം മുമ്പ് വഴികാട്ടി ആരോഗ്യകേന്ദ്രം പ്രവർത്തനമാരംഭിച്ചത്. പൊന്നാനി ബസ് സ്റ്റാൻഡിലും നഗരസഭ കാര്യാലയത്തിലുമെത്തുന്നവർക്ക് പ്രഥമ ശുശ്രൂഷ ഉടനടി നൽകുക, രക്തത്തിലെ ഷുഗർ നിലയുടെയും ബ്ലഡ് പ്രഷറിന്റെയും പരിശോധന എന്നിവക്കുള്ള സൗകര്യവും ഉണ്ടായിരുന്ന വഴികാട്ടി മികച്ച രീതിയിലാണ് പ്രവർത്തിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ഒരുവർഷമായി കേന്ദ്രത്തിന്റെ ചുമരുകളിൽ വിള്ളൽവന്ന് കേന്ദ്രം ശോച്യാവസ്ഥയിലാണ്. ഇതിനിടെ വഴികാട്ടിയിലെ ജീവനക്കാരി സ്ഥലംമാറി പോയതോടെ കേന്ദ്രം അടച്ചിടുകയായിരുന്നു. ജനങ്ങൾക്ക് ഏറെ ഗുണപ്രദമായ വഴികാട്ടി അടച്ചത് നഗരസഭയുടെ പിടിപ്പുകേടാണെന്നാണ് നാട്ടുകാർ പറയുന്നത്. സംസ്ഥാന സർക്കാറിന്റെ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിലെ വഴികാട്ടി എന്ന പദ്ധതിയുടെ ഭാഗമായാണ്. നഗരസഭയിൽ ആരോഗ്യകേന്ദ്രം ആരംഭിച്ചത്. എമർജൻസി കെയറിൽ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകയുടെ സേവനം രാവിലെ 10 മുതൽ അഞ്ചുവരെയാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. എന്നാൽ കേടുപാടുകൾ സംഭവിച്ച കേന്ദ്രം അറ്റകുറ്റ പണി നടത്തുകയും വഴി കാട്ടി ഉടൻ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുമെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.