പ്രതിഷേധം വ്യാപകമായതോടെ തെരുവ് കന്നുകാലികളെ പിടിച്ചുകെട്ടി പൊന്നാനി നഗരസഭ
text_fieldsപൊന്നാനി: പരാതികളും പ്രതിഷേധവും വ്യാപകമായതോടെ തെരുവിൽ അലയുന്ന കന്നുകാലികളെ പിടിച്ചുകെട്ടി പൊന്നാനി നഗരസഭ. എട്ടു കന്നുകാലികളെയാണ് ആരോഗ്യ വിഭാഗം പിടികൂടിയത്. 'മാധ്യമം' വാർത്തയെത്തുടർന്നാണ് അടിയന്തര നടപടിയുമായി നഗരസഭ രംഗത്തെത്തിയത്.
തെരുവുകൾ കൈയടക്കി ജീവന് ഭീഷണിയായ സാഹചര്യത്തിൽ കന്നുകാലികളെ പിടികൂടണമെന്ന ആവശ്യം ശക്തമായതോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം ഒടുവിൽ രംഗത്തിറങ്ങിയത്. നഗരത്തിന്‍റെ വിവിധയിടങ്ങളിൽ നിന്ന് എട്ട് കന്നുകാലികളെ പിടികൂടി നഗരസഭയുടെ ആലയിൽ എത്തിച്ചു. ഉടമകളിൽ നിന്നും പിഴ ഈടാക്കിയ ശേഷമാണ് കന്നുകാലികളെ വിട്ടു നൽകിയത്. തുടർന്നും ഇതേ കന്നുകാലികളെ പിടികൂടിയാൽ കനത്ത പിഴ ഈടാക്കുമെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
രാപ്പകൽ ഭേദമില്ലാതെ നടുറോഡിലൂടെ അലയുന്ന കന്നുകാലികളെക്കൊണ്ട് യാത്രക്കാരും പൊറുതിമുട്ടിയ സാഹചര്യത്തിലാണ് കന്നുകാലികളെ പിടികൂടിയത്. പൊന്നാനി ബസ് സ്റ്റാൻഡിലും ടൗണിലും ഉൾപ്പെടെ കന്നുകാലികൾ കൂട്ടമായി സഞ്ചരിക്കുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. പൊതുജനങ്ങളുടെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് നഗരസഭ രണ്ടു മാസം മുമ്പ് മൃഗാശുപത്രിയിൽ കന്നുകാലികളെ കെട്ടിയിടാനുള്ള ആല നിർമിച്ചത്. കന്നുകാലികളെ പിടിച്ചുകെട്ടുന്നതിന് വേണ്ടി തൊഴിലാളികൾക്കായി ടെൻഡർ വിളിച്ച് തൊഴിലാളികളെയും നഗരസഭ നിയമിച്ചിരുന്നു. കന്നുകാലികളെ തെരുവിൽനിന്ന് പിടികൂടുന്നതിന് നേതൃത്വം നൽകേണ്ട ആരോഗ്യ വിഭാഗം ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. തുടർന്നാണ് അടിയന്തര നടപടിയുമായി ആരോഗ്യ വിഭാഗം രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.