പൊന്നാനി നഗരസഭ ഡയാലിസിസ് സെന്റർ; ഒന്നാംനില നിർമാണം പൂർത്തിയായി
text_fieldsപൊന്നാനി: വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് അശരണർക്ക് തണലായ പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്റർ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പ്രവൃത്തികൾ പൂർത്തിയായി. പ്രവൃത്തികളുടെ ഭാഗമായി വൈദ്യുതീകരണ ജോലികൾ ഉടൻ ആരംഭിക്കും.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി 4.40 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്. നിലവിലെ കെട്ടിടത്തിന്റെ പിറക് വശത്തായാണ് എല്ലാ സൗകര്യങ്ങളോടെയും കൂടിയ കെട്ടിടം ഉയരുന്നത്. കൂടുതൽ ഡയാലിസിസ് രോഗികൾക്ക് സേവനം ലഭ്യമാക്കുകയും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് തൊഴിൽ പരിശീലനം നൽകുന്നതും ഉൾപ്പെടെ സംവിധാനങ്ങൾ ക്രമീകരിച്ചാണ് കെട്ടിടം ഉയരുക. ടി.ബി ആശുപത്രി കോമ്പൗണ്ടിലെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിൽ ഡയാലിസിസ് സെൻറർ പ്രവർത്തിക്കുന്നത്. നിലവിൽ 27 ഡയാലിസിസ് മെഷീനുകൾ ഉപയോഗിച്ച് രണ്ട് ഷിഫ്റ്റിലായി 100ലധികം രോഗികൾക്ക് ഡയാലിസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു.
സെന്ററിന്റെ പ്രവർത്തനത്തിന് തുച്ഛമായ സർക്കാർ ഫണ്ട് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ, സുമനസ്സുകളുടെ അകമഴിഞ്ഞ സഹായം മൂലമാണ് സെന്റർ മുന്നോട്ട് പോകുന്നത്. സെന്ററിന്റെ പ്രവർത്തനത്തിനായി പ്രവാസികളുൾപ്പെടെ നിരവധി പേരാണ് സാമ്പത്തിക സഹായവും മരുന്നുകളും യന്ത്രവുമുൾപ്പെടെ സംഭാവന ചെയ്യുന്നത്. കൂടാതെ പൊന്നാനി നഗരസഭ ഭരണസമിതിയും ഡയാലിസിസ് കോഓഡിനേഷൻ കമ്മിറ്റിയും നടത്തുന്ന മാതൃകാപരമായ പ്രവർത്തനമാണ് സെന്ററിനെ സുഗമമായി മുന്നോട്ട് കൊണ്ടുപോവുന്നത്. നിരവധി പേരാണ് ഡയാലിസിസിനായി ഇപ്പോഴും അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമായാൽ നിരവധി പേർക്ക് ഡയാലിസിസിനുള്ള സൗകര്യമൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.