പൊന്നാനി നഗരസഭയിൽ ഡോക്ടർ എത്തും, കോവിഡ് രോഗികളുടെ അരികിലേക്ക്
text_fieldsപൊന്നാനി: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികളുടെ അരികിലേക്ക് ഇനി ഡോക്ടർമാരെത്തും. സംസ്ഥാനത്ത് ആദ്യമായി പൊന്നാനി നഗരസഭയിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.
കോവിഡ് ബാധിച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലാതെ വീടുകളിൽ ഒറ്റപ്പെട്ട് സ്വയം നിരീക്ഷണത്തിൽ കഴിയുന്നവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹാരം കാണുന്നതിനുള്ള പദ്ധതിക്കാണ് നഗരസഭയിൽ തുടക്കമായത്.
കോവിഡ് പോസിറ്റിവായി ആശുപത്രികളിലും മറ്റു കേന്ദ്രങ്ങളിലുമായി കഴിയുന്നവരേക്കാൾ കൂടുതൽ പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. എന്നാൽ ഇവർക്ക് ഡോക്ടറെ കാണാനും മറ്റു മാനസിക പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയാതെയുള്ള സ്ഥിതിക്ക് മാറ്റം വരുത്താനാണ് നഗരസഭ നൂതന പദ്ധതി ആവിഷ്ക്കരിച്ചത്. ഡോക്ടറും നഴ്സും അടങ്ങുന്ന മെഡിക്കൽ ടീം പി.പി.ഇ കിറ്റുകൾ ധരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അടുത്തെത്തി പരിശോധനകൾ നടത്തുകയും കൗൺസലിങ് ഉൾപ്പെടെ നൽകുന്നതുമാണ് പദ്ധതി. കൂടാതെ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തി ഇവരെ ട്രീറ്റ്മെൻറ് സെൻററിലേക്കും മാറ്റുന്നുണ്ട്. നേരത്തെ കോവിഡ് ബാധിതരായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ഡോക്ടർമാർ നിരന്തമായി ഫോണിൽ വിളിച്ച് ആരോഗ്യ വിവരങ്ങൾ തിരക്കിയിരുന്നെങ്കിലും രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഇതും പ്രയാസകരമായി.
ഇതേത്തുടർന്നാണ് വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവരുടെ അടുത്തേക്ക് ആരോഗ്യ സംഘം എത്തുന്നത്. തൃശൂർ കേന്ദ്രമായുള്ള സെൻറ് അസീസി പ്രൊവിഡൻഷ്യലുമായി സഹകരിച്ചാണ് പൊന്നാനി പദ്ധതി നടത്തുന്നത്. നഗരസഭയിലെ 44ാം വാർഡിലാണ് പദ്ധതിക്ക് തുടക്കമായത്. വാർഡിലെ 38 രോഗികളെ ആദ്യ ദിനം പരിശോധിച്ചു. വരും ദിവസങ്ങളിൽ നഗരസഭയിലെ മറ്റു വാർഡുകളിലും വീടുകളിൽ ഡോക്ടർമാർ നേരിട്ടെത്തുമെന്ന് ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.