പൊന്നാനി നഗരം പോസ്റ്റ്ഓഫിസ് ഓർമ മാത്രമാകും
text_fieldsപൊന്നാനി: പതിറ്റാണ്ടുകളായി പൊന്നാനി കോടതിപ്പടിയിൽ പ്രവർത്തിക്കുന്ന പൊന്നാനി നഗരം പോസ്റ്റ്ഓഫിസിന് താഴ് വീഴുന്നു. പോസ്റ്റ് മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ മൗനാനുവാദത്തോടെയാണ് പോസ്റ്റ്ഓഫിസ് ഇല്ലാതാക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം. തീരദേശ മേഖലയിലുള്ളവർക്കും താലൂക്ക് ഓഫിസിലെത്തുന്നവർക്കും ഏറെ ഉപകാരപ്രദമായ പോസ്റ്റ്ഓഫിസാണ് കിലോമീറ്ററുകൾ അകലെയുള്ള ചന്തപ്പടിയിലെ ഹെഡ് പോസ്റ്റ്ഓഫിസിൽ ലയിപ്പിക്കാൻ നീക്കം നടക്കുന്നത്.
നിലവിൽ ശോചനീയ കെട്ടിടത്തിലാണ് പോസ്റ്റ്ഓഫിസ് പ്രവർത്തിക്കുന്നത്. ഏറെ പഴക്കമുള്ള കെട്ടിടത്തിന് യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മഴക്കാലത്ത് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഷീറ്റ് വലിച്ചുകെട്ടിയാണ് പ്രവർത്തിക്കുന്നത്. കൂടാതെ, കെട്ടിടത്തിന്‍റെ ചുവരുകൾക്ക് വിള്ളലും സംഭവിച്ചിട്ടുണ്ട്. നിലവിലെ കെട്ടിടത്തിന് പകരം സമീപത്തുതന്നെ മറ്റൊരു കെട്ടിടത്തിലേക്കോ താലൂക്ക് ഓഫിസ് കെട്ടിടത്തിലേക്കോ പോസ്റ്റ്ഓഫിസ് മാറ്റി സ്ഥാപിക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമായിരുന്നു.
എന്നാൽ, മിനി സിവിൽ സ്റ്റേഷനിൽ പോസ്റ്റ്ഓഫിസിന് ആവശ്യമായ സ്ഥലസൗകര്യമില്ലെന്നായിരുന്നു അധികൃതർ നൽകിയ മറുപടി. സ്വകാര്യ കെട്ടിടങ്ങളിൽ ആവശ്യമായ വാടക നൽകാൻ തപാൽ വിഭാഗം തയാറാകുന്നുമില്ല. ഇതേതുടർന്നാണ് പോസ്റ്റ്മാസ്റ്ററുടെ ഉൾപ്പെടെ സമ്മതത്തോടെ പോസ്റ്റ് ഓഫിസ് ഹെഡ് പോസ്റ്റ്ഓഫിസിൽ ലയിപ്പിക്കാൻ നീക്കം നടക്കുന്നത്. ഇത് പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്. നിലവിലെ കെട്ടിടം അറ്റകുറ്റപ്പണി നടത്തുകയോ സമീപത്തെ മറ്റൊരു കെട്ടിടത്തിൽ പോസ്റ്റ്ഓഫിസ് പ്രവർത്തിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.