പൊന്നാനി പാണ്ടികശാല സ്ഥലം ഏറ്റെടുപ്പിൽ; വ്യക്തതയില്ലാതെ നഗരസഭ
text_fieldsപൊന്നാനി: പൊന്നാനിയുടെ ഗതകാല ചരിത്രം പേറി നിലകൊണ്ട ചരിത്ര സ്മാരകമായ പാണ്ടികശാലയുടെ സംരക്ഷണത്തിൽ വ്യക്തതയില്ലാതെ പൊന്നാനി നഗരസഭ. ഭൂവുടമകളുമായി ചർച്ച നടത്തിയെങ്കിലും ഭൂവുടമകൾക്ക് ഒരു ഉറപ്പും നൽകാൻ തയാറാവാതിരുന്നതോടെ പാണ്ടികശാലയുടെ ബാക്കി ഭാഗങ്ങളും രാത്രിയുടെ മറവിൽ പൊളിച്ചു. തുടർച്ചയായി പൊളിക്കൽ നടക്കുന്നതോടെ ഗത്യന്തരമില്ലാതെ ഇന്ന് നോട്ടീസ് നൽകുമെന്നാണ് നഗരസഭയുടെ പുതിയ തീരുമാനം.
പാണ്ടികശാലയുടെ ഭൂവുടമകൾ ഈ സ്ഥലം മറ്റൊരു സ്വകാര്യ വ്യക്തിക്ക് കച്ചവടം ചെയ്യാനുള്ള തീരുമാനം വാക്കാൽ ഉറപ്പിച്ചതോടെയാണ് പാണ്ടികശാല ഒരോന്നായി നശിപ്പിക്കാൻ തുടങ്ങിയത്. ആദ്യം മരങ്ങൾ മുറിച്ചുമാറ്റി. തുടർന്ന് രണ്ടുതവണ പാണ്ടികശാലയുടെ ചുവരുകളും ഇടിച്ചു കളഞ്ഞു. തുടക്കത്തിൽ ഇക്കാര്യം ഗൗനിക്കാതിരുന്ന നഗരസഭ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പുരാവസ്തു വകുപ്പിനെ വിവരമറിയിച്ചെങ്കിലും മറ്റു തീരുമാനങ്ങളിലേക്ക് കടന്നില്ല.
പുരാവസ്തു വകുപ്പ് ജില്ല ഓഫിസറുടെ റിപ്പോർട്ടിനെത്തുടർന്ന് സബ് കലക്ടർ ഉടമകളുമായി ചർച്ച നടത്തി തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു നോട്ടീസും നൽകാതിരുന്നതും നഗരസഭയുടെ നിസ്സംഗതയും താൽപര്യ കുറവും മനസ്സിലാക്കുകയും ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം ഭൂമി വാങ്ങാൻ സന്നദ്ധനായ സ്വകാര്യ വ്യക്തി വീണ്ടും ചുമർ പൊളിച്ചത്. സ്ഥലത്തിന്റെ തുക ലഭ്യമാക്കിയാൽ പാണ്ടികശാല പ്രദേശം വിട്ടുനൽകാമെന്ന് ഭൂവുടമകൾ സന്നദ്ധത അറിയിച്ചെങ്കിലും തീരുമാനം വൈകുന്നതോടെയാണ് ചരിത്ര ഇടത്തെ നശിപ്പിക്കാൻ സ്വകാര്യ വ്യക്തി തയാറായത്.
പാണ്ടികശാല നിലനിൽക്കുന്ന സ്ഥലത്ത് രണ്ട് ഭാഗമായി നിരവധി ഉടമകളാണുള്ളത്. ഈ സങ്കീർണത മറികടന്ന് വേണം ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് കടക്കാൻ. പാണ്ടികശാല ഉൾപ്പെടെ സംരക്ഷിക്കേണ്ട 18 ഇടങ്ങളുടെ പട്ടിക തയാറാക്കി നഗരസഭ 2022ൽ സർക്കാറിന് നൽകിയിരുന്നുവെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. കൊച്ചിക്കും മുമ്പ് തുറമുഖ പട്ടണമായിരുന്ന പൊന്നാനിയിലെ അവശേഷിക്കുന്ന ശേഷിപ്പുകളിലൊന്നാണ് പാണ്ടികശാല. അക്കാലത്ത് സർക്കാറിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന ശേഷിപ്പുകളിൽ നിലവിലുള്ള ഏക പാണ്ടികശാലയാണിത്.
കുറച്ച് ഭാഗം സ്വകാര്യ വ്യക്തിയുടെയും ബാക്കി വഖഫ് ഭൂമിയുമാണ്. ഏകദേശം 600 വർഷത്തോളം പഴക്കം കണക്കാക്കുന്ന പാണ്ടികശാല ചരിത്ര അവശേഷിപ്പെന്ന നിലയിൽ നിലനിർത്തുന്നതിനുള്ള പദ്ധതിക്കിടെയാണ് ഇത് നശിപ്പിക്കുന്നത്. നഗരസഭക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടില്ലെങ്കിലും പൊതുജന പ്രതിഷേധം ഭയന്ന് നോട്ടീസ് നൽകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.