പേവിഷ വിമുക്ത നഗരസഭയാകാൻ ഒരുങ്ങി പൊന്നാനി
text_fieldsപൊന്നാനി: നഗരസഭ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണവും ആക്രമണവും വർധിച്ച സാഹചര്യത്തിൽ ഓപറേഷൻ സീറോ റാബീസ് രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കുന്നു. സമ്പൂർണ പേ വിഷവിമുക്ത വാക്സിനേഷൻ നടത്തി തെരുവുനായ് ആക്രമണം കുറക്കുകയാണ് പദ്ധതി ലക്ഷ്യം. 19ന് രാവിലെ ഏഴിന് നിളയോര പാതയിലെ ജിം റോഡിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമിടും.
24 വരെ നഗരസഭയിലെ 51 വാർഡിലും പദ്ധതി നടപ്പാക്കും. പൊതുജനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പരമാവധി തെരുവുനായ്ക്കളെ കുത്തിവെപ്പിന് വിധേയമാക്കാനാണ് തീരുമാനം. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ വകയിരുത്തിയ ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പുറമെ എ.ബി.സി പ്രോഗ്രാം നടപ്പാക്കാനാവശ്യമായ ഫണ്ടും നഗരസഭ വകയിരുത്തി.
ജില്ല പഞ്ചായത്ത് ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടപ്പാക്കുന്ന മുറക്ക് നഗരസഭയുടെ വിഹിതം കൈമാറും.
ഓപറേഷൻ സീറോ റാബീസ് നടപ്പാക്കുന്നതിന് മുന്നോടിയുള്ള കൂടിയാലോചന യോഗം നഗരസഭ ഹാളിൽ ചേർന്നു. ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ബിന്ദു സിദാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, ഷീന സുദേശൻ, സെക്രട്ടറി എസ്. സജിറൂൺ, ഹെൽത്ത് സൂപ്പർ വൈസർ ദിലീപ് കുമാർ, ഡോ. അങ്കിരസ്, ഡോ. ഷീജ വാസു, ടി. വിനീത് രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.