ആവശ്യത്തിന് ഡോക്ടർമാരില്ല; പൊന്നാനി താലൂക്കാശുപത്രിയിൽ രോഗികൾക്ക് ദുരിതം
text_fieldsപൊന്നാനി: പൊന്നാനി താലൂക്കാശുപത്രിയിലെത്തുന്ന രോഗികളുടെ ദുരിതങ്ങൾക്ക് അറുതിയില്ല. വേനൽക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ദിനംപ്രതി ആയിരത്തിലേറെ രോഗികളാണ് ആശുപത്രിയിലെത്തുന്നത്. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ഒ.പി. പ്രവർത്തനങ്ങൾ താളം തെറ്റിയ അവസ്ഥയാണ്. നൂറു കണക്കിനാളുകൾ എത്തുന്ന കാലത്തുണ്ടായിരുന്ന രണ്ട് ഡോക്ടർമാരാണ് ഇപ്പോഴും ഒ.പിയിലുള്ളത്.
മണിക്കൂറുകൾ കാത്തു നിന്നാലാണ് ഒപി.ടിക്കറ്റ് ലഭിക്കുക. തുടർന്ന് ഡോക്ടറെ കാണാനും മണിക്കൂറുകൾ കാത്തു നിൽക്കണം. നേരത്തെ ഉണ്ടായിരുന്ന ഡോക്ടർമാരിൽ മിക്കവരും ട്രാൻസ്ഫർ ആയ ശേഷം പുതിയവർ എത്തിയിട്ടില്ല. കുറഞ്ഞ വേതനം മാത്രമാണുള്ളതെന്നതിനാൽ താൽക്കാലിക ഡോക്ടർമാരും ഇങ്ങോട്ട് വരാൻ മടിക്കുകയാണ്. 1965 ൽ അനുവദിച്ച സ്റ്റാഫ് പാറ്റേൺ തന്നെയാണ് ഇവിടെയുള്ളത്. ഇത് പ്രകാരം 22 ഡോക്ടർമാരാണ് നിലവിൽ വേണ്ടത്. എന്നാൽ പത്ത് ഡോക്ടർമാർ മാത്രമാണുള്ളത്. ദിവസവും ശരാശരി മൂന്ന് ഡോക്ടർമാർ കാഷ്വൽ അവധിയിലായിരിക്കും. രാത്രി ഡ്യൂട്ടിയിലുണ്ടാവുന്ന രണ്ട് പേരുടെ സേവനം പകൽ ലഭിക്കില്ല. ഈ കണക്ക് പ്രകാരം ആയിരത്തോളം രോഗികളെ ചികിത്സിക്കാൻ വെറും മൂന്നോ നാലോ ഡോക്ടർമാരാണ് ഉണ്ടാവുക. ഇതിൽ വാർഡ് പരിശോധനക്കും, മറ്റും പോകുന്നവരെ മാറ്റി നിർത്തിയാൽ രണ്ടു ഡോക്ടർമാരാണ് തിരക്കേറിയ സമയത്ത് ഒ.പിയിലുണ്ടാവുക. ഇതാണ് പ്രതിസന്ധിക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.