പൊന്നാനി നഗരം വില്ലേജ് പരിധിയിൽ പട്ടയമനുവദിക്കൽ നടപടികൾ പുരോഗമിക്കുന്നു
text_fieldsപൊന്നാനി: പൊന്നാനി നഗരം വില്ലേജ് പരിധിയിൽ കാലങ്ങളായി പട്ടയമില്ലാത്തവർക്ക് പട്ടയമനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കാലങ്ങളായി പട്ടയമില്ലാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്നവരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാര നടപടികൾക്കായാണ് തുടക്കമായത്. റവന്യൂ വകുപ്പിന് കീഴിലെ പട്ടയ മിഷൻ പദ്ധതിയുടെ ഭാഗമായുള്ള സർവേ നടപടിയാണ് പുരോഗമിക്കുന്നത്. നഗരസഭയിലെ 44ാം വാർഡിലെ 13 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന്റെ ഭാഗമായ സർവേയാണ് പൂർത്തീകരിച്ചത്. നൂറോളം കുടുംബങ്ങളാണ് പൊന്നാനി നഗരം വില്ലേജ് പരിധിയിൽ പട്ടയത്തിനായി അപേക്ഷ സമർപ്പിച്ചത്.
നഗരം വില്ലേജ് പരിധിയിൽ ഫിഷറീസ് വകുപ്പിന് കീഴിൽ കടപ്പുറം പുറമ്പോക്ക് ഭൂമി, മിച്ചഭൂമി, റവന്യൂ ഭൂമി എന്നിവിടങ്ങളിൽ കാലങ്ങളായി താമസിക്കുന്ന നിരവധി കുടുംബങ്ങൾക്കാണ് ഇനിയും പട്ടയമില്ലാത്തത്. നേരത്തെ മിച്ചഭൂമി ഏറ്റെടുത്ത് പതിച്ചു നൽകിയവരിൽനിന്ന് വില നൽകി ഭൂമി വാങ്ങിയവർക്കാണ് പട്ടയമില്ലാത്തത്. ഈ കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭ്യമാവുന്നുമില്ല. സർവേ നടപടികൾ പൂർത്തീകരിച്ച് സ്ഥലം അളന്ന് തിട്ടപ്പെടുത്തി യോഗ്യരായവർക്ക് പട്ടയം നൽകാനാണ് തീരുമാനം. തുടർ ദിവസങ്ങളിലും സർവേ നടക്കും.
ഡിജിറ്റൽ ഭൂ സർവേയോട് നിസ്സഹകരണം
പൊന്നാനി: സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ ഭൂ സർവേയുടെ ഭാഗമായി പൊന്നാനി തീരദേശത്ത് നടക്കുന്ന സർവേയോട് വേണ്ടത്ര സഹകരണമില്ലെന്ന് ആക്ഷേപം. പൊന്നാനി താലൂക്കിലെ നാല് വില്ലേജുകളിലാണ് സർവേ ആരംഭിച്ചിട്ടുള്ളത്. നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലാണ് നഗരസഭാ പ്രദേശത്ത് സർവേ നടക്കുന്നത്. വീടുകളിലേക്ക് ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി രേഖകൾ പരിശോധിക്കുകയാണ്. നികുതിരശീതി, ആധാരത്തിന്റെ പകർപ്പ് എന്നിവ വീട്ടിലുണ്ടാവണമെന്നും കാടുമൂടി കിടക്കുന്ന അതിരുകൾ വൃത്തിയാക്കി വെക്കണമെന്നും നിർദ്ദേശമുണ്ടെങ്കിലും വിവരങ്ങൾ കൈമാറാൻ ജനങ്ങൾ മടി കാണിക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.