പൊന്നാനി ഉറൂബ് പബ്ലിക് ലൈബ്രറി; നിർമാണം ഇഴയുന്നു
text_fieldsപൊന്നാനി: കേരളത്തിന് നിരവധി മഹാരഥൻമാരായ സാഹിത്യ നായകരെ സംഭാവന ചെയ്ത പൊന്നാനിയിൽ ഉറൂബിന്റെ പേരിൽ പ്രവർത്തിക്കുന്ന പൊന്നാനി നഗരസഭ പബ്ലിക് ലൈബ്രറിക്കുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നു.
നിർമാണോദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് തറ പണികൾ ആരംഭിച്ചത്. കെട്ടിടത്തിന് സമീപമുണ്ടായിരുന്ന വൈദ്യുതി തൂൺ മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസമാണ് തറ നിർമാണം വൈകാൻ കാരണമെന്നായിരുന്നു വിശദീകരണം.
തുടർന്ന് തറ പണി കഴിഞ്ഞ് മാസം മൂന്ന് പിന്നിട്ടിട്ടും നിർമാണ പ്രവൃത്തികൾ നിശ്ചലാവസ്ഥയിലാണ്.
രണ്ട് നിലകളിലായി 2000 സ്ക്വയർ ഫീറ്റിൽ ലൈബ്രറി കെട്ടിടം നിർമിക്കാനാണ് പദ്ധതി. താഴത്തെ നിലയിൽ ലൈബ്രറിയും മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള കോൺഫറൻസ് ഹാളും നിർമിക്കും. 170 പേർക്ക് ഇരിക്കാവുന്ന മൾട്ടി പർപ്പസ് ഹാൾ മുകൾ നിലയിൽ സജ്ജീകരിക്കും. 80 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിക്കുക. 30 ലക്ഷം രൂപ ചെലവഴിച്ചുള്ള ആദ്യഘട്ട നിർമാണത്തിനാണ് തുടക്കം കുറിച്ചതെങ്കിലും അധികൃതരുടെ താൽപര്യമില്ലായ്മ മൂലം പണികൾ ഇഴയുകയാണ്. ഡിജിറ്റൽ ലൈബ്രറി, നഗരസഭ റഫറൻസ് ലൈബ്രറി എന്നിവ ലക്ഷ്യമിട്ടാണ് നൂതന കെട്ടിടം നിർമിക്കുന്നത്. പൊന്നാനിയിലെ സാംസ്കാരിക പരിപാടികൾ നടത്തുന്ന ഇടമാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം. 1997 ൽ പഴയ പൊന്നാനി നഗരസഭാ ഓഫിസിന് സമീപത്തായി പ്രവർത്തനമാരംഭിച്ച ലൈബ്രറിയിൽ ദിനംപ്രതി 150 ലേറെ ആളുകളാണ് എത്തിയിരുന്നത്.
സാംസ്കാരിക സമുച്ചയമായി തുടങ്ങിയ കെട്ടിടത്തിനു കീഴിൽ സാഹിത്യ വേദി, കലാവേദി തുടങ്ങിയവയും പ്രവർത്തിച്ചിരുന്നു. പിന്നീട് കെട്ടിടത്തിനുണ്ടായ ചോർച്ചമൂലം പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുകയായിരുന്നു. ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയിൽ ഒരു താൽക്കാലിക ജീവനക്കാരി മാത്രമാണ് ഇപ്പോഴുള്ളത്.
നിലവിൽ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിൽനിന്ന് ലൈബ്രറി ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുതിയ കെട്ടിടത്തിന്റെ നിർമാണം മന്ദഗതിയിലാക്കി ലൈബ്രറിയെ നശിപ്പിക്കാനുള്ള ശ്രമമാണ് നഗരസഭ നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.