പാരമ്പര്യ സ്മൃതികളുമായി പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വിളക്കത്തിരിക്കാൻ വിദ്യാർഥികളെത്തി
text_fieldsപൊന്നാനി: ഗതകാല പാരമ്പര്യത്തിന്റെ ഓർമകളുമായി പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വിളക്കത്തിരിക്കാൻ വീണ്ടും വിദ്യാർഥികളെത്തി. കോഴിക്കോട് മർകസിന് കീഴിലെ നോളജ് സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദം നേടി സനദ് കരസ്ഥമാക്കിയ 35ഓളം വിദ്യാർഥികളാണ് വിളക്കത്തിരിക്കാനെത്തിയത്.
പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ ഇസ്ലാമിക മതപഠന ബിരുദം നൽകാൻ ഉപയോഗിച്ചിരുന്ന ചടങ്ങാണ് വിളക്കത്തിരിക്കൽ. വർഷങ്ങളോളം ഗുരുകുല സമ്പ്രദായത്തിൽ വിജ്ഞാനം പകർന്നു നൽകപ്പെടുന്ന ഇവിടെ പഠിതാക്കളെ ഒരു വിളക്കിനു ചുറ്റും ഒരുമിച്ചിരുത്തിയാണ് പഠനം നടക്കുക. ഇതാണ് വിളക്കത്തിരിക്കൽ എന്നപേരിൽ അറിയപ്പെട്ടത്. ഇങ്ങനെ വിളക്കത്തിരുന്നു ബിരുദം നേടിയവരാണ് ആദ്യകാലങ്ങളിൽ മുസ്ലിയാർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇതിന്റെ ഓർമ പുതുക്കി എല്ലാ വർഷവും മർകസിലെ ബിരുദം പൂർത്തീകരിച്ച വിദ്യാർഥികൾ വിളക്കത്തിരിക്കാനെത്തുന്നുണ്ട്. പൊൻമള അബ്ദുൽ ഖാദർ മുസ്ലിയാർ, ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച ഫത്ഉൽ മുഈൻ ഓതി വിളക്കത്തിരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് വലിയ ജുമുഅത്ത് പള്ളി മുദ്രിസ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, ഉമർ ഫാറൂഖ് അലി സഖാഫി, അശ്റഫ് അലി സഖാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് ഖാസിം കോയ എന്നിവർ നേതൃത്വം നൽകി.
കാരന്തൂർ ജാമിഅ മർകസുസ്സഖാഫതിസ്സുന്നിയ്യ ശരീഅത്ത് കോളജ് അവസാന വർഷ വിദ്യാർഥികളും പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വിളക്കത്തിരിക്കൽ ചടങ്ങിനെത്തി. അഞ്ചു നൂറ്റാണ്ടിന് മുമ്പ് ഇസ്ലാമിക പണ്ഡിതനും സൂഫീവര്യനുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂമാണ് പള്ളിയും വിളക്കും സ്ഥാപിച്ചത്. മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആശീർവാദത്തോടെ ശരീഅത്ത് കോളജ് അധ്യാപകർ വിളക്കത്തിരിക്കലിന് നേതൃത്വം നൽകി. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ വിളക്കത്തിരുന്ന് ദർസിന് നേതൃത്വം നൽകി. ജുമുഅത്ത് പള്ളി മുദരിസ് ഹബീബ് തുറാബ് തങ്ങൾ അസ്സഖാഫി, വി. സെയ്തു മുഹമ്മദ് തങ്ങൾ, അബ്ദുല്ല ബാഖവി ഇയ്യാട്, കെ.എം. മുഹമ്മദ് ഖാസിം കോയ എന്നിവർ അതിഥികളെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.