പൊന്നാനി കർമറോഡിലെ കൈയേറ്റം തിരിച്ചുപിടിക്കും; സർവേക്ക് നാളെ തുടക്കം
text_fieldsപൊന്നാനി: പൊന്നാനി കർമ റോഡരികിലെ റവന്യൂഭൂമി കൈയേറിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള നടപടിക്ക് തുടക്കമാകുന്നു. കൈയേറ്റം തിരിച്ചുപിടിക്കുന്നതിന് മുന്നോടിയായ സമഗ്രസർവേക്കാണ് ബുധനാഴ്ച തുടക്കമാവുക. നാല് െഡപ്യൂട്ടി തഹസിൽദാർമാർ, താലൂക്ക് സർവേയർ, പൊന്നാനി, ഈഴുവത്തിരുത്തി വില്ലേജ് ഓഫിസർമാർ എന്നിവരടങ്ങിയ 14 അംഗ ദൗത്യസംഘമാണ് സർവേ നടത്തുക.
താലൂക്ക് സർവേ വിഭാഗം നേരേത്ത തയാറാക്കിയ സ്കെച്ചിന്റെ അടിസ്ഥാനത്തിൽ പുഴ പുറമ്പോക്കുഭൂമിയിൽ കൈയേറ്റം നടത്തിയവരുടെ വിവരങ്ങൾ ശേഖരിക്കും. പൊന്നാനി, ഈഴുവത്തിരുത്തി വില്ലേജ് പരിധികളിൽ കൈയേറ്റം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കൂടാതെ, പഴയ സർവേകല്ലുകൾ കണ്ടെത്താനും കൈയേറ്റം നടത്തിയവരെ ഒഴിപ്പിക്കാനുമുള്ള നടപടികൾക്ക് ശിപാർശ ചെയ്യും.
സർവേ ടീം പ്രൊപ്പോസൽ തയാറാക്കി കലക്ടർക്ക് സമർപ്പിക്കും. ചമ്രവട്ടം കടവ് ഭാഗത്തുനിന്നാണ് സർവേ ആരംഭിക്കുക. കൈയേറ്റം നടത്തിയ വ്യക്തികൾ, ഭൂമി, അതിർത്തി എന്നിവ അളന്നുതിട്ടപ്പെടുത്തും. വ്യക്തിവിവരങ്ങൾ, ഭൂ അതിർത്തി എന്നിവ ആധാരപ്രകാരം പരിശോധിച്ച് കൃത്യത വരുത്തും. പൊന്നാനി നിള ടൂറിസം ബ്രിഡ്ജ് മുതൽ ചമ്രവട്ടം കടവ് വരെയുള്ള ഭാഗങ്ങളിൽ തെരുവുകച്ചവടക്കാരുൾപ്പെടെ വലിയ തോതിലുള്ള കൈയേറ്റമാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്നതെന്നായിരുന്നു കണ്ടെത്തൽ.
പലതവണ ഒഴിപ്പിക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടി ഇഴയുകയായിരുന്നു. ഇതിനിടെയാണ് കലക്ടർ വിഷയത്തിൽ ഇടപെട്ട് അടിയന്തരമായി ഒഴിപ്പിക്കാനും ഇതിന് ടീമിനെ നിയോഗിക്കാനും നിർദേശം നൽകിയത്. ഇത്തരത്തിൽ വീണ്ടെടുക്കുന്ന ഭൂമിയിൽ വികസന പദ്ധതികൾ നടത്താനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.