പൊന്നാനിയിലെ പുരാതന പാണ്ടികശാല സംരക്ഷിക്കുന്നു
text_fieldsപൊന്നാനി: പൊന്നാനിയുടെ ഗതകാല ചരിത്രംപേറി നിലകൊണ്ട സ്മാരകമായ പാണ്ടികശാലയെ സംരക്ഷിക്കാൻ പദ്ധതിയൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആർക്കിയോളജി ജില്ല ഓഫിസർ ജീവ പദ്ധതി പ്രദേശം സന്ദർശിച്ചു. പാണ്ടികശാലയിലെ മരങ്ങൾ സ്വകാര്യ വ്യക്തി വെട്ടിമുറിച്ചതോടെയാണ് സംരക്ഷണത്തിന് മുറവിളി ഉയർന്നത്.
ഏകദേശം 600 വർഷത്തോളം പഴക്കം കണക്കാക്കുന്ന പാണ്ടികശാല ചരിത്ര അവശേഷിപ്പെന്ന നിലയിൽ നിലനിർത്താനുള്ള പദ്ധതിക്കാണ് തുടക്കമിടുന്നത്. ചരിത്ര പ്രാധാന്യത്തെക്കുറിച്ചും, കാലപ്പഴക്കത്തെക്കുറിച്ചും പഠിക്കാനായി ഉന്നതസംഘം ഇവിടെ തുടർപരിശോധന നടത്തും.
പ്രാധാന്യം മനസ്സിലാക്കി പുരാവസ്തു വകുപ്പിന് തന്നെ പ്രദേശം ഏറ്റെടുക്കാൻ കഴിയും. പഴയകാല പാണ്ടികശാലയുടെ വീണ്ടെടുപ്പിനുള്ള ശ്രമങ്ങൾ നടത്തി സെൽഫി പോയന്റായി മാറ്റിയ ഇവിടുത്തെ ആൽമരമാണ് സ്വകാര്യ വ്യക്തി വെട്ടിമുറിച്ചത്. ചരക്കുകപ്പൽ അടുത്തിരുന്ന പൊന്നാനി തുറമുഖത്ത് സാധന സാമഗ്രികൾ സൂക്ഷിച്ചിരുന്ന പാണ്ടികശാല ശുചീകരിച്ച് സെൽഫി പോയന്റെന്ന ആശയം ഇവിടെ നടപ്പാക്കിയിരുന്നു. നാശത്തിന്റെ വക്കിലെത്തിയ പാണ്ടികശാലക്കകത്തെ മാലിന്യം ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കുകയും ചെയ്തിരുന്നു.
പാണ്ടികശാലയിൽ ആഴ്ന്നിറങ്ങിയ വേരുകൾ ഉൾപ്പെടെ സംരക്ഷിച്ച് പുരാതന മാതൃകയിൽ നിലനിർത്തി ഫോട്ടോസ്പോട്ടാക്കിയാണ് മാറ്റിയത്. പാണ്ടികശാലയിലെ തണൽ മരം മുറിച്ചു മാറ്റൽ തുടർന്നിട്ടും നിർത്തിവെക്കാനുള്ള നടപടികൾ നഗരസഭ കൈകൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്. ആർക്കിയോളജിക്കൽ പ്രാധാന്യമുള്ള സ്ഥലം കൂടിയായ പാണ്ടികശാല സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.