പുതുപൊന്നാനി അഴിമുഖത്തെ മണൽത്തിട്ടകൾ നീക്കാൻ പദ്ധതി
text_fieldsപൊന്നാനി: പുതുപൊന്നാനി അഴിമുഖത്തെ മണൽത്തിട്ടകൾ നീക്കം ചെയ്യുന്നതിന് പദ്ധതി തയാറായി. രണ്ട് കോടി രൂപയുടെ പ്രപ്പോസലാണ് തയാറാക്കിയത്. മണൽത്തിട്ട നീക്കം ചെയ്യുന്ന നടപടി ഉടൻ ആരംഭിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾക്ക് സുഗമമായി കടന്നുപോകുന്നതിന് തടസ്സമായ മണൽത്തിട്ടകൾ നീക്കം ചെയ്യുന്നതിനാണ് ഹാർബർ എൻജിനീയറിങ് വിഭാഗം പ്രപ്പോസൽ തയാറാക്കിയത്.
സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയ രണ്ട് കോടി രൂപ ഉപയോഗിച്ച് ശാസ്ത്രീയരീതിയിൽ അഴിമുഖത്തെ മണൽത്തിട്ട നീക്കാനാണ് തീരുമാനമായത്. ഇതിന്‍റെ ഭാഗമായി എം.എൽ.എ അഴിമുഖം സന്ദർശിച്ചു. മണൽത്തിട്ടകൾ നീക്കം ചെയ്യുന്ന പ്രവൃത്തി ഉടൻ ആരംഭിക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി.
പ്രളയത്തിലും കടൽക്ഷോഭത്തിലും അടിഞ്ഞ മണൽത്തിട്ട മൂലം ചെറുവള്ളങ്ങൾക്കുൾപ്പെടെ ഇതുവഴി പോകാൻ കഴിയുന്നില്ല. മത്സ്യബന്ധന തൊഴിലാളികൾക്കും തോണികൾക്കും കടലിൽ പോകാൻ കഴിയുന്നില്ല. കടലും പുഴയും ചേരുന്ന ഭാഗത്ത് മണൽ അടിഞ്ഞുകിടക്കുന്നത് മാട്ടുമ്മൽ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടാക്കുന്നുണ്ട്.
ദുരന്തനിവാരണ മുന്നൊരുക്ക പ്രവൃത്തിയുടെ ഭാഗമായി നേരത്തേ കുറച്ചുഭാഗത്തെ മണൽ നീക്കം ചെയ്തിരുന്നെങ്കിലും ഇത് പൂർവസ്ഥിതിയിലായി. ഇതിന് ചെലവഴിച്ച തുകയെല്ലാം ഇപ്പോൾ വെള്ളത്തിൽ വരച്ച വരപോലെയായി.
നിയോജക മണ്ഡലത്തിൽ കാലവർഷക്കെടുതി നേരിടാൻ ദുരന്തനിവാരണ പ്രവൃത്തികളുടെ പട്ടിക പ്രകാരമാണ് ഇറിഗേഷൻ വകുപ്പ് മണൽത്തിട്ട നീക്കം ചെയ്തത്.കടവനാട്, പുറങ്ങ്, മാട്ടുമ്മൽ, വെളിയങ്കോട് എന്നിവിടങ്ങളിലെ വെള്ളം കടലിലെത്താനുള്ള പാതയാണ് പുതുപൊന്നാനി അഴിമുഖം. ഏറെ പ്രതീക്ഷയോടെയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണൽത്തിട്ട നീക്കം ചെയ്തതെങ്കിലും ഇത് ഫലവത്താവാത്തതിൽ തീരവാസികളും മത്സ്യത്തൊഴിലാളികളും നിരാശയിലാണ്. മണൽത്തിട്ട പൂർണമായി നീക്കം ചെയ്ത് മത്സ്യബന്ധനയാനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.