പൊന്നാനി നഗരസഭയുടെ പുഴമുറ്റം പാർക്ക്; നിർമാണത്തിന് പൂട്ടിട്ട് റവന്യു വിഭാഗം
text_fieldsപൊന്നാനി: നൂറുകണക്കിന് സഞ്ചാരികളെത്തുന്ന പൊന്നാനി നിള പാതയോരത്ത് പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കാൻ പൊന്നാനി നഗരസഭ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് തടയിട്ട് റവന്യു വകുപ്പ്. കൈയേറ്റ ഭൂമിയിലാണ് പുഴമുറ്റം പാർക്കും, ശൗചാലയവും നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിർമാണം നിർത്തിവെക്കാൻ തഹസിൽദാർ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി. നിർമാണ പ്രവർത്തനങ്ങൾ പാതി വഴിയിലായതിനിടയിലാണ് റവന്യൂ വകുപ്പിന്റെ അപ്രതീക്ഷിത നീക്കം. ഭൂമി പാട്ടത്തിനോ, സർക്കാറിന്റെ പ്രവർത്തനാനുമതിയോ ഉണ്ടോയെന്ന് വ്യക്തമാക്കണമെന്ന് റവന്യൂ വകുപ്പ് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊന്നാനി ഭാരതപ്പുഴയോട് ചേർന്ന നിളയോര പാതയോരത്തെ അനധികൃത കൈയേറ്റം കണ്ടെത്താനായി ജില്ല കലക്ടറുടെ നിർദേശ പ്രകാരം നടക്കുന്ന സർവേയിലാണ് നഗരസഭയുടെ നിർദിഷ്ട പുഴമുറ്റം പാർക്കും കൈയേറ്റമാണെന്ന് റവന്യു വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, നേരത്തെ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ സ്ഥലത്ത് നഗരസഭയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ധാരണയായത്. തുടർന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തി നൽകുകയും ചെയ്തു. സ്ഥലം ഈ ആവശ്യത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടർക്കും വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്കും കത്ത് നൽകിയിരുന്നു. ആദ്യ സർവേയിൽ തടസ്സവാദം ഉന്നയിക്കാതിരുന്ന റവന്യു വകുപ്പ് പുതിയ നീക്കവുമായി രംഗത്തെത്തിയത് അപ്രതീക്ഷിത നീക്കമാണ്. പുഴമുറ്റം പാർക്കിനായി ലക്ഷങ്ങൾ ചെലവഴിച്ചതിനിടയിലാണ് റവന്യൂ വകുപ്പ് പുതിയ തടസ്സവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.