കാലവർഷമെത്തുന്നു; പൊന്നാനി തീരവാസികളുടെ മനസ്സിൽ കടലിരമ്പം
text_fieldsപൊന്നാനി: കടലോരവാസികൾക്ക് ഈ കാലവർഷത്തിലും സ്വസ്ഥതയോടെ വീടുകളിൽ കിടന്നുറങ്ങാനാകില്ല. പൊന്നാനി തീരദേശ മേഖലയിലെ കടൽഭിത്തി നിർമാണം ഈ കാലവർഷത്തിന് മുമ്പും ആരംഭിക്കില്ലെന്ന് ഉറപ്പായി. പൊന്നാനി മണ്ഡലത്തിൽ കടൽഭിത്തി നിർമിക്കാൻ പത്തുകോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക കുരുക്കുകളിൽ അകപ്പെട്ട് ഭിത്തിനിർമാണം വൈകുകയാണ്.
കല്ലിന്റെ വില നിശ്ചയിക്കൽ ഉൾപ്പെടെ പൂർത്തിയായതിനുശേഷം പദ്ധതി ടെൻഡർ നടപടികളിലേക്ക് കടക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് പരിധിയിലെ 11 കിലോമീറ്ററിലധികം പരിധിയിൽ വെറും 1100 മീറ്റർ ഭാഗമാണ് 10 കോടി ചെലവഴിച്ച് കടൽഭിത്തി നിർമിക്കാൻ തീരുമാനിച്ചിരുന്നത്.
ഇതിൽ പൊന്നാനി നഗരസഭ പരിധിയിൽ മരക്കടവ് മുതൽ അലിയാർ പള്ളി വരെയുള്ള 600 മീറ്റർ ഭാഗം, വെളിയങ്കോട് തണ്ണിത്തുറയിൽ 235 മീറ്റർ, പാലപ്പെട്ടിയിൽ 250 മീറ്റർ എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. കടലാക്രമണം രൂക്ഷമായി ബാധിക്കുന്ന എം.ഇ.എസ് കോളജിന് പിൻവശം, ഹിളർ പള്ളി പരിസരം, മുറിഞ്ഞഴി, മൈലാഞ്ചിക്കാട് ഭാഗങ്ങളിൽ കടൽഭിത്തിക്കായി ഇനിയും കാത്തിരിക്കേണ്ടി വരും.
നേരത്തേയുണ്ടായ കടലാക്രമണങ്ങളിൽ ഈ ഭാഗത്തെ കല്ലുകളെല്ലാം മണ്ണിനടിയിലാണ്. ഇതിനാൽ വീണ്ടുമൊരു കടലാക്രമണമുണ്ടായാൽ വലിയ നാശ നഷ്ടമാകും സംഭവിക്കുക. അതേസമയം, താലൂക്കിൽ പൂർണമായി ടെട്രാപോഡ് സംവിധാനത്തിൽ സുരക്ഷാഭിത്തി നിർമിക്കുന്നതിന് ചെല്ലാനത്തുനിന്നുള്ള സാങ്കേതിക വിദഗ്ധർ പൊന്നാനി താലൂക്കിലെ തീരമേഖലകളിൽ പഠനം നടത്തിയിരുന്നു. 10 കോടി രൂപ അനുവദിച്ച് ഈ കാലവർഷത്തിന് മുമ്പുതന്നെ കടൽഭിത്തി നിർമിക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നതെങ്കിലും ഇതും പാഴ് വാക്കാവുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.