പൊന്നാനിയിലെ ബസ് റൂട്ടുകൾ പുനഃക്രമീകരിക്കുന്നു
text_fieldsപൊന്നാനി: ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകൾ കൊല്ലൻപടിയിലെത്താൻ ബസുടമകളുമായി നടത്തിയ യോഗത്തിൽ തീരുമാനം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉറൂബ് നഗറിൽ റോഡ് അടച്ചതോടെ ബസുകൾ കൊല്ലൻപടിയിലെത്താതെ പള്ളപ്രത്തുനിന്ന് സർവിസ് റോഡ് വഴി ചന്തപ്പടിയിലെത്തുന്നത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയ സാഹചര്യത്തിൽ പി. നന്ദകുമാർ എം.എൽ.എ വിളിച്ചുചേർത്ത സംയുക്ത യോഗത്തിലാണ് തീരുമാനം.
ബസ് സ്റ്റാൻഡിൽനിന്നുവരുന്ന ബസുകൾ കൊല്ലൻപടി സെന്റർ വരെ എത്തുകയും കവി മുറ്റം ചുറ്റി പള്ളപ്രത്തേക്കുതന്നെ തിരിച്ചുപോവുകയും ചെയ്യും. ഇവിടെനിന്ന് സർവിസ് റോഡിലൂടെ ചന്തപ്പടിയിലേക്കെത്താനാണ് തീരുമാനം. കൊല്ലൻപടി സെൻററിൽനിന്ന് ഉറൂബ് നഗർ വരെയുള്ള ഭാഗത്തേക്ക് ബസ് സർവിസ് ഉണ്ടാകില്ല. കൊല്ലൻപടി സെൻററിൽ ബസുകൾ തിരിക്കാനുള്ള സൗകര്യം അടിയന്തരമായി ഒരുക്കം.
പുതിയ തീരുമാനം നടപ്പാക്കുന്നത് നിരീക്ഷിക്കാൻ നഗരസഭ, പൊലീസ്, ആർ.ടി.ഒ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ബസുകൾ കൊല്ലൻപടിയിലെത്താതെ പള്ളപ്രത്തുനിന്ന് തിരിഞ്ഞുപോകുന്നത് തുടർച്ചയായ ദിവസങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ നാട്ടുകാർ ബസ് തടഞ്ഞത് ക്രമസമാധാന പ്രശ്നമായി മാറിയ സാഹചര്യത്തിലാണ് ബസ് ഉടമകളുടെയും ജനപ്രതിനിധികളുടെയും ആർ.ടി.ഒ ഉദ്യോഗസ്ഥരുടെയും ദേശീയപാത കരാറുകളുടെയും സംയുക്ത യോഗം എം.എൽ.എ വിളിച്ചുചേർത്തത്.
നഗരസഭ വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീന സുദേശൻ, സംയുക്ത ബസ് ഓണേഴ്സ് ഭാരവാഹികളായ യു.കെ. മുഹമ്മദ്, ബാബു പൊന്നാനി, പ്രബുൽ ഒലിയിൽ, ബാബു സിന്ദുരം, എ.എം.വി.ഐ അഷ്റഫ് സൂർപ്പിൽ, സി.പി.എം ഏരിയ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി, കെ.എൻ.ആർ.സി.എൽ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.