ബോട്ടുകളുടെ അറ്റകുറ്റപ്പണി; പ്രതിസന്ധിയിൽ
text_fieldsപൊന്നാനി: ട്രോളിങ് നിരോധനം അവസാനിക്കാറായിട്ടും ബോട്ടുകൾ അറ്റകുറ്റപ്പണി നടത്താനാവാതെ മത്സ്യത്തൊഴിലാളികൾ. അറ്റകുറ്റപ്പണിക്കുള്ള പണം പോലും കണ്ടെത്താനാവാതെ ദുരിതത്തിലാണ് ജില്ലയിലെ മത്സ്യത്തൊഴിലാളികൾ.
52 ദിവസത്തെ ട്രോളിങ് നിരോധനത്തിനുശേഷം ബോട്ടുകള്‍ കടലിലിറങ്ങാൻ ഒരാഴ്ച മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങളുടെ ഭാഗമായ അറ്റകുറ്റപ്പണിയാണ് പ്രതിസന്ധിയിലായത്. ട്രോളിങ് നിരോധന കാലയളവ് തീരദേശത്തെ സംബന്ധിച്ച് ബോട്ടുകളുടെ കേടുപാട് തീർക്കാനും നവീകരണ പ്രവർത്തനങ്ങൾക്കുമുള്ള സമയമാണ്.
മുൻ വർഷങ്ങളിൽ വന്‍തുക മുടക്കിയാണ് ബോട്ടുകള്‍ ഒട്ടുമിക്കതും അറ്റകുറ്റപ്പണി നടത്തിയത്. കടം വാങ്ങിയും ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തുമാണ് ഇതിന് പണം കണ്ടെത്തിയത്. എന്നാൽ, കഴിഞ്ഞ സീസണിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ബോട്ടുടമകൾക്കുണ്ടായത്.
കൂടാതെ ഫിഷറീസ് വകുപ്പ് ഭീമമായ പിഴ ചുമത്തുന്നതും പ്രതിസന്ധിയായി. ട്രോളിങ് നിരോധനത്തിന് മുമ്പ് തന്നെ ആഴ്ചകളോളം കടലിലിറങ്ങാനും കഴിഞ്ഞിരുന്നില്ല. മുൻ വർഷങ്ങളിൽ ഇതര ജില്ലകളിൽനിന്ന് വിദഗ്ദ തൊഴിലാളികളെ എത്തിച്ചാണ് അറ്റകുറ്റപ്പണി നടത്തിയിരുന്നത്. എന്നാൽ, വലിയ തുക നൽകി തൊഴിലാളികളെ എത്തിക്കാനാവാത്ത സാഹചര്യവും തിരിച്ചടിയാവുന്നുണ്ട്.
ബോട്ടുകളുടെ അറ്റകുറ്റപ്പണി അനിശ്ചിതത്വത്തിലായതോടെ ട്രോളിങ് നിരോധനം കഴിഞ്ഞാലും എങ്ങനെ കടലിലിറങ്ങാനാവുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതേസമയം, കൂടുതൽ കേടുപാട് സംഭവിച്ച ചില ബോട്ടുകൾ താൽക്കാലിക നവീകരണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.