കർമ റോഡരികിലെ റവന്യൂ ഭൂമി തിട്ടപ്പെടുത്തൽ സർവേക്ക് തുടക്കമായി
text_fieldsപൊന്നാനി: പൊന്നാനി നഗരസഭ പരിധിയിൽ നിളയോര പാതയോട് ചേർന്ന കൈയേറ്റ ഭൂമികൾ കണ്ടെത്താനുള്ള സർവേക്ക് തുടക്കമായി. ജില്ല വികസന സമിതിയുടെ നിർദേശപ്രകാരം ജില്ല കലക്ടറുടെ ഉത്തരവിനെത്തുടർന്നാണ് സർവേ നടപടികൾ ആരംഭിച്ചത്. താലൂക്ക് സർവേ വിഭാഗം നേരത്തെ തയാറാക്കിയ സ്കെച്ചിന്റെ അടിസ്ഥാനത്തിൽ പുഴ പുറമ്പോക്ക് ഭൂമിയിൽ കൈയേറ്റം നടത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പൊന്നാനി, ഈഴുവത്തിരുത്തി വില്ലേജ് പരിധികളിൽ കൈയേറ്റം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കൂടാതെ പഴയ സർവേക്കല്ലുകൾ കണ്ടെത്തുന്നതിനും അനധികൃത കൈയേറ്റം നടത്തിയവർക്ക് നോട്ടീസ് നൽകും. സർവേ ടീം പ്രൊപ്പോസൽ തയാറാക്കി ജില്ല കലക്ടർക്ക് സമർപ്പിക്കും. നാല് ഡെപ്യൂട്ടി തഹസിൽദാർമാർ, താലൂക്ക് സർവേയർ, പൊന്നാനി, ഈഴുവത്തി വില്ലേജ് ഓഫിസർമാർ എന്നിവരടങ്ങിയ 14 അംഗ ദൗത്യസംഘമാണ് സർവേ നടത്തുന്നത്. ചമ്രവട്ടം കടവ് ഭാഗത്ത് നിന്നാണ് സർവേ ആരംഭിക്കുക.
കൈയേറ്റം നടത്തിയ വ്യക്തികൾ, ഭൂമി, അതിർത്തി എന്നിവ അളന്ന് തിട്ടപ്പെടുത്തും. വ്യക്തി വിവരങ്ങൾ, ഭൂ അതിർത്തി എന്നിവ ആധാര പ്രകാരം പരിശോധിച്ച് കൃത്യത വരുത്തും. പൊന്നാനി നിള ടൂറിസം ബ്രിഡ്ജ് മുതൽ ചമ്രവട്ടം കടവ് വരെയുള്ള ഭാഗങ്ങളിൽ തെരുവ് കച്ചവടക്കാരുൾപ്പെടെ വലിയ തോതിലുള്ള കൈയേറ്റമാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്നതെന്നായിരുന്നു കണ്ടെത്തൽ.
പല തവണ കൈയേറ്റം ഒഴിപ്പിക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടി ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഇതിനിടെയാണ് ജില്ല കലക്ടർ വിഷയത്തിൽ ഇടപെട്ട് അടിയന്തരമായി ഒഴിപ്പിക്കൽ നടപടി നടത്താനും, ഇതിനായി സംഘത്തെ നിയോഗിക്കാനും നിർദേശം നൽകിയത്. ഇത്തരത്തിൽ വീണ്ടെടുക്കുന്ന ഭൂമിയിൽ വികസന പദ്ധതികൾ നടത്താനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.