പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ഭീമൻ കുഴികൾ താൽകാലികമായി അടച്ചു
text_fieldsപൊന്നാനി: മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന തരത്തിൽ പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ രൂപം കൊണ്ട ഭീമൻ കുഴികൾ താത്കാലികമായി അടച്ചു. ജങ്ഷനിലെ റോഡ് തകർച്ചയെക്കുറിച്ച് ‘മാധ്യമം’വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതേത്തുടർന്നാണ് അടിയന്തിര നടപടി. ദേശീയപാത അധികൃതർ വിഷയം ഗൗനിക്കാതിരുന്നതോടെ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഇടപെട്ട് അമൃത് പദ്ധതിയുടെ ഭാഗമായി റോഡിൽ നിന്നും എടുത്ത മണ്ണിട്ടാണ് താൽക്കാലികമായി കുഴികളടച്ചത്.
മണ്ണിട്ടതോടെ താത്കാലിക ആശ്വാസമായെങ്കിലും മഴ പെയ്താൽ ഇതും തകരുന്ന സ്ഥിതിയാണ്. അതേസമയം, പാതയിലെ മറ്റു കുഴികൾ ഇതുവരെ പുനർനിർമിക്കാനായിട്ടില്ല. നരിപ്പറമ്പ് മുതൽ തേവർ ക്ഷേത്രം വരെ മനോഹരമായി ടാർ ചെയ്തെങ്കിലും കട്ട വിരിച്ച ഭാഗത്തെ റോഡാണ് പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾക്ക് കടന്ന് പോകാനാവാത്ത വിധമായത്. ചമ്രവട്ടം ജങ്ഷനിലും റോഡിന്റെ സ്ഥിതി ഏറെ പരിതാപകരമാണ്. കുഴി ഒഴിവാക്കി റോഡരികിലൂടെ വലിയ വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഏറെ നേരം ഗതാഗത സ്തംഭനവും പതിവാണ്.
ഇരുചക്ര വാഹനങ്ങളും ചെറിയ വാഹനങ്ങളും കുഴിയിൽ വീണ് തെന്നി മറിയുന്നതും നിത്യകാഴ്ചയായി മാറി. മഴ പെയ്തതോടെ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴികൾ കാണാത്തതും അപകടങ്ങൾക്ക് വഴി വെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.