ജീവനൊന്ന് പൊലിഞ്ഞിട്ടും റോഡ് പുനർനവീകരണത്തിന് തീരുമാനമായില്ല
text_fieldsപൊന്നാനി: അമൃത് പദ്ധതിയുടെ പൈപ്പിടാനായി കുഴിച്ച കുഴി വില്ലനായതോടെ വിദ്യാർഥിയുടെ മരണത്തിന് കാരണമായിട്ടും റോഡ് പുനർ നവീകരണത്തിന് തീരുമാനമായില്ല. ഒക്ടോബർ 15നകം തകർന്ന റോഡുകൾ നവീകരിക്കാനുള്ള ഉറപ്പ് ലംഘിച്ച് ഈ മാസം അവസാനത്തോടെ മാത്രമെ നിർമാണം പൂർത്തീകരിക്കാനാവൂ എന്ന കരാറുകാരുടെ ഉറപ്പ് വിശ്വസിച്ച് നഗരസഭയും.
തകർന്ന റോഡിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഒരുവിദ്യാർഥിയുടെ ജീവൻ പൊലിഞ്ഞിട്ടും നിസ്സംഗത തുടരുകയാണ് അധികൃതർ. കഴിഞ്ഞമാസം ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നഗരസഭ ചെയർമാൻ അന്ത്യശാസനം നൽകിയിരുന്നു. ഈമാസം 15നകം നിർമാണം പൂർത്തീകരിക്കുമെന്ന ഉറപ്പാണ് ഇപ്പോൾ ലംഘിക്കുന്നത്. കഴിഞ്ഞ 22ന് നിർമാണം തുടങ്ങി 15നകം നവീകരണം പൂർത്തീകരിക്കാനാണ് അന്ന് കർശനമായ വ്യവസ്ഥയുണ്ടാക്കിയിരുന്നത്. ഈ തീരുമാനം മറികടന്നാൽ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുവരെ നഗരസഭ മുൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ചിട്ട റോഡുകൾ പൊന്നാനിയിൽ വലിയ ഗതാഗതക്കുരുക്കും യാത്രാതടസ്സവും സൃഷ്ടിച്ചതോടെയാണ് നഗരസഭയുടെ ഇടപെടലുണ്ടായത്. രണ്ടുമാസം മുമ്പ് പി. നന്ദകുമാർ എം.എൽ.എ നാട്ടുകാർക്ക് നൽകിയ ഉറപ്പും പാലിക്കപ്പെട്ടിരുന്നില്ല. ആഗസ്റ്റ് 30നകം റോഡുകളുടെ നവീകരണം പൂർത്തിയാക്കുമെന്നാണ് എം.എൽ.എ ഉറപ്പ് നൽകിയിരുന്നത്. ഈ ഉറപ്പ് പാളിയതോടെയാണ് പിന്നീട് നഗരസഭയിൽ കർശന താക്കീതുകളും ആസൂത്രണങ്ങളുമായി യോഗം ചേർന്നത് ഇപ്പോൾ ഇതും പാഴാവുകയാണ്. എല്ലാം നാട്ടുകാരെ പറഞ്ഞുപറ്റിക്കാനുള്ള ഉദ്യോഗസ്ഥ-ജനപ്രതിനിധി നാടകമാണെന്നാണ് നാട്ടുകാരുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.