പോരാട്ടവീഥിയിലെ സമദാനിയൻ സ്റ്റൈൽ
text_fieldsപൊന്നാനി: മലയാളത്തിന്റെ വശ്യവചസ്സെന്ന് എം.ടി. വാസുദേവൻ നായർ വിശേഷിപ്പിച്ച വ്യക്തിത്വം, സാംസ്കാരിക കേരളത്തിന്റെ പൊതുമുഖം, ലോക്സഭയിലെ തീപ്പൊരി പ്രാസംഗികൻ... പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അബ്ദുസമദ് സമദാനിയുടെ വിശേഷണങ്ങൾ ഓരോന്നായി അനൗൺസ്മെന്റ് വാഹനത്തിൽനിന്ന് മുഴങ്ങുമ്പോൾ വ്യാഴാഴ്ചയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പെരുമ്പടപ്പ് പുത്തൻപള്ളി സെന്ററിലേക്ക് സ്ഥാനാർഥിയെത്തി. കാത്തുനിന്ന പ്രവർത്തകർക്കിടയിലേക്കിറങ്ങിയ സ്ഥാനാർഥിക്ക് ഹാരാർപ്പണം ചെയ്ത് വരവേൽപ്പ്. ഒരു മാസത്തിലേറെയായുള്ള പതിവിന്റെ തുടർച്ച. സമീപത്തെ കടകളിൽ കയറിയും റോഡരികിലെ വോട്ടർമാർക്കിടയിലെത്തിയും കുശലാന്വേഷണവും വോട്ട് തേടലും. ലോക്സഭ തെരഞ്ഞെടുപ്പിന്റെ അനിവാര്യതയെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം. തുടർന്ന് നേതാക്കൾക്കൊപ്പം വാഹനത്തിൽ കയറി അടുത്ത സ്വീകരണകേന്ദ്രമായ പെരുമ്പടപ്പ് കുഴപ്പുള്ളിയിലേക്ക്. വാഹനത്തിൽ സഞ്ചരിക്കുമ്പോഴും റോഡരികിൽ കാത്തുനിൽക്കുന്നവരോട് കൈവീശിക്കൊണ്ടിരുന്നു.
പെരുമ്പടപ്പ് പഞ്ചായത്തിലെ സ്വീകരണ കേന്ദ്രങ്ങളും വെളിയങ്കോട് പഞ്ചായത്തിലെ സ്വീകരണ കേന്ദ്രങ്ങളും പിന്നിട്ട് മാറഞ്ചേരി പഞ്ചായത്തിലെ മാരാമുറ്റത്തെത്തുമ്പോൾ പ്രതീക്ഷിച്ച സമയവും ഏറെ പിന്നിട്ടിരുന്നു. കരിങ്കല്ലത്താണിയിൽ എത്തിയപ്പോൾ തനിക്ക് ലഭിച്ച ഹാരമെല്ലാം മുതിർന്ന പ്രവർത്തകന് സ്നേഹസമ്മാനമായി നൽകി. ഇന്ത്യയെന്ന ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പ്രസക്തി ഓർമിപ്പിച്ചുള്ള തനി ‘സമദാനിയ’ൻ സ്റ്റൈൽ പ്രസംഗം. ആവേശത്തോടെ കൈയടിച്ച് പ്രവർത്തകരും. മുക്കാലയിലെത്തിയപ്പോൾ എതിരെ വന്ന ഓട്ടോറിക്ഷയിലെ സ്ത്രീ യാത്രക്കാരോട് തന്നെ അറിയുമോ എന്ന ചോദ്യം. താങ്കളുടെ പ്രസംഗത്തിന്റെ ആരാധകരെന്ന മറുപടിയിൽ പൊട്ടിച്ചിരിച്ച് സമദാനി, ഒപ്പം വോട്ട് ചെയ്യാൻ മറക്കരുതെന്ന അപേക്ഷയും.
പൊരിവെയിലിലും സ്ഥാനാർഥിയെ കാണാനും അഭിവാദ്യമർപ്പിക്കാനുമായി റോഡരികിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് എത്തിയിരുന്നത്. സെൽഫിയെടുക്കാനെത്തുന്നവരെയും സ്ഥാനാർഥി നിരാശപ്പെടുത്തിയില്ല. ഉച്ചക്ക് മുന്നേയുള്ള ഷെഡ്യൂൾ പൂർത്തിയാകുമ്പോഴേക്കും സമയം രണ്ടര പിന്നിട്ടു. തുടർന്ന് ഭക്ഷണവും മിനുട്ടുകളുടെ വിശ്രമവും. ഉച്ചക്ക് ശേഷം ചങ്ങരംകുളം മേഖലയിലെ പര്യടനവും വോട്ടഭ്യർഥനയും പൂർത്തീകരിച്ച് അവസാന സ്വീകരണ കേന്ദ്രത്തിലെത്തുമ്പോൾ രാത്രി പത്ത് പിന്നിട്ടു. വലിയൊരു ഉത്തരവാദിത്വമേറ്റെടുത്തതിന്റെ ആവേശത്തിൽ ചൂടിന്റെ കാഠിന്യമോ, സമയ ക്രമീകരണം പാലിക്കാൻ കഴിയാത്തതിന്റെ പ്രയാസമോ തെല്ലും ബാധിക്കാതെ തുടർ ദിവസങ്ങളിലെ പ്രചാരണ ചൂടിലേക്ക് നടന്ന് സമദാനി.
ഭൂരിപക്ഷം വർധിപ്പിക്കാനുള്ള പോരാട്ടം -സമദാനി
പൊന്നാനിയിൽ ഭൂരിപക്ഷം നിലനിർത്താനല്ല, ഭൂരിപക്ഷം വർധിപ്പിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് എം.പി. അബ്ദുസമദ് സമദാനി പറഞ്ഞു. കേരളത്തിലാകെ വീഴ്ചയുണ്ടായപ്പോഴും യു.ഡി.എഫിനെ കൈവെടിയാത്ത മണ്ഡലമാണ് പൊന്നാനി. യു.ഡി.എഫിനൊപ്പം ഉറച്ചുനിന്ന പാരമ്പര്യമുള്ള പൊന്നാനിയിൽ മികച്ച ഭൂരിപക്ഷം തന്നെയാണ് പ്രതീക്ഷിക്കുന്നത്. പര്യടനവേളയിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും അത്യാവേശ പൂർവം നൽകുന്ന പിന്തുണയും സ്നേഹവും ഇതിന്റെ പ്രകടമായ തെളിവാണ്. ഇത് കേവലം സ്നേഹത്തിനപ്പുറം രാജ്യം നേരിടുന്ന അപകട സാഹചര്യം മുന്നിൽ കണ്ടുള്ള രാഷ്ട്രീയ തീരുമാനത്തിന്റെ കൂടി ഭാഗമാണ്.
സി.പി.എമ്മിന് ദേശീയ നയമില്ല
ദേശീയ രാഷ്ട്രീയത്തിൽ എൽ.ഡി.എഫിന് മതേതര സർക്കാറുണ്ടാക്കാൻ കഴിയുന്ന തരത്തിൽ ചൂണ്ടിക്കാണിക്കാൻ നേതാവില്ല. ദേശീയ കാഴ്ചപ്പാടുമില്ല. ഇതില്ലാത്തതിനാൽ കാലാകാലങ്ങളിൽ കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും കുറ്റം പറയുകയാണ്. ഇത് സ്വയം തിരിച്ചറിയേണ്ടി വരും. ഉത്തരേന്ത്യയിൽ ഉൾപ്പെടെ മതേതര കക്ഷികൾ വലിയ മുന്നേറ്റമുണ്ടാക്കുന്ന കാഴ്ചയാണ്. കേന്ദ്രം ഭരിക്കുന്ന മുന്നണി കേവല ഭൂരിപക്ഷത്തിന് വേണ്ടി ചക്രശ്വാസം വലിക്കുകയാണ്. കോൺഗ്രസിലാണ് സാധാരണക്കാർക്ക് പ്രതീക്ഷ. മതേതര വോട്ടുകൾ സമാഹരിച്ച് കോൺഗ്രസിന് പിന്തുണ നൽകേണ്ട അവസരത്തിൽ ബാലിശമായ കാര്യങ്ങൾ പറഞ്ഞ് വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേരളത്തിൽ സി.പി.എം നടത്തുന്നത്.
സി.എ.എ ചിലർക്ക് തെരഞ്ഞെടുപ്പ് അജണ്ട
സി.എ.എ വിഷയത്തിൽ കോൺഗ്രസിനും ലീഗിനുമെതിരെ സി.പി.എം മുന്നോട്ടുവെക്കുന്ന വാദങ്ങൾ കേവലം തെരഞ്ഞെടുപ്പ് അജണ്ട മാത്രമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ അർഥശങ്കക്കിടയില്ലാത്ത തരത്തിൽ നയം വ്യക്തമാക്കി. കോൺഗ്രസ് ഭരിച്ചപ്പോഴൊന്നും പൗരത്വ വിഷയം ഉയർന്നില്ല. കോൺഗ്രസിന്റെ മതേതരത്വം ഇത്തരം ദുസ്സൂചനകൾക്ക് അതീതമാണ്. കോൺഗ്രസിന്റെ പ്രമാണം പറച്ചിലല്ല. അത് നാട് ഭരിച്ച് കാണിച്ചതാണ്. എന്നാൽ കോൺഗ്രസിന്റെ കൊടിക്കൂറ തിരയുന്നവർ തൽക്കാലത്തെ കേരള രാഷ്ട്രീയ താൽപര്യത്തിന് വേണ്ടിയാണെന്നും സമദാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.