വരൂ, അറബികടലിന്റെ തീരത്ത് കാറ്റേറ്റിരിക്കാം...പൊന്നാനിയിൽ കാറ്റാടി തണലിലിരിക്കാൻ സാംസ്കാരിക ഇരിപ്പിട കേന്ദ്രം തുറന്നു
text_fieldsപൊന്നാനി: അറബികടലിന്റെ തീരത്ത് കടൽകാറ്റേറ്റ് കാറ്റാടി തണലിലിരിക്കാൻ പൊന്നാനിയിൽ സാംസ്കാരിക ഇരിപ്പിട കേന്ദ്രം ഒരുങ്ങി. നഗരസഭ ഭരണാസമിതിയുടെ പ്രകടന പത്രികയിൽ ഉൾപ്പെട്ട മുഴുവൻ വാർഡുകളിലും സാംസ്കാരിക കേന്ദ്രം എന്ന പദ്ധതിയുടെ ഭാഗമായാണ് പാർക്ക് ഒരുക്കിയത്.
കടലോര ടൂറിസം ലക്ഷ്യമിട്ട് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജീലാനി നഗർ കടൽ തീരത്ത് ഇരിപ്പിടം നിർമിച്ചത്. രണ്ട് വർഷം മുമ്പാണ് വനംവകുപ്പ് നൽകിയ കാറ്റാടിതൈകൾ കടലോരത്ത് നട്ടത്. ഇതിന്റെ തണലിലാണ് നഗരസഭ ഇരിപ്പിടങ്ങളോട് കൂടിയ മനോഹര പാർക്ക് പണികഴിപ്പിച്ചത്. തറയിൽ 3000 ചതുരശ്ര അടിയിൽ കട്ട വിരിച്ചിട്ടുണ്ട്. നാലുപേർക്ക് വീതം ഇരിക്കാവുന്ന 15 ഇരിപ്പിടങ്ങൾ സജ്ജമാക്കി. അടുത്തഘട്ടത്തിൽ പാർക്കിനോട് ചേർന്ന സ്ഥലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കാനും നഗരസഭ പദ്ധതി തയാറാകുന്നുണ്ട്.
ഹൈമാസ്റ്റ് വിളക്കും സ്ഥാപിക്കും. 2018 ൽ കൊല്ലൻപടിയിലെ മാലിന്യം തള്ളുന്ന സ്ഥലത്ത് നഗരസഭ കവിമുറ്റം സാംസ്കാരിക പാർക്ക് നിർമിച്ചിരുന്നു. പാർക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം നിർവഹിച്ചു. പൊതുമരാമത്ത് കാര്യ സ്ഥിര സമിതി ചെയർമാൻ ഒ.ഒ. ഷംസു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം. ആബിദ, രജീഷ് ഊപ്പാല, കൗൺസിലർ ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ പി.കെ ജംഷീന മൊയ്ദു സ്വാഗതവും നഗരസഭ എൻജിനീയർ സുജിത്ത് ഗോപിനാഥ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.