കലിതുള്ളി കടൽ; പൊന്നാനിയിൽ നിരവധി വീടുകൾ തകർന്നു
text_fieldsപൊന്നാനി: രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ പൊന്നാനി താലൂക്കിൽ വൻ നാശനഷ്ടം. കടലാക്രമണത്തിൽ നിരവധി വീടുകൾ കടൽ കവർന്നു. പെരുമ്പടപ്പിൽ വീട് പൂർണമായും എടപ്പാളിൽ രണ്ട് വീടുകൾ ഭാഗികമായും തകർന്നു. തിങ്കളാഴ്ച മുതൽ ആരംഭിച്ച കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ വർധിക്കുകയാണ്. പൊന്നാനി മുറിഞ്ഞഴിൽ 13 വീടുകളും ഹിളർ പള്ളി ഭാഗത്ത് നാല് വീടുകളും ഭാഗികമായി തകർന്നു.
കടൽഭിത്തിയിലാത്ത മേഖലകളിൽ സർവനാശം വിതച്ച് കടൽ ഇരച്ചുകയറുകയാണ്. പൊന്നാനി ലൈറ്റ് ഹൗസ് മുതൽ കാപ്പിരിക്കാട് വരെയുള്ള മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കൂടാതെ മീറ്ററുകളോളം കരഭാഗം കടലെടുക്കുകയും നിരവധി തെങ്ങുകൾ കടപുഴകുകയും ചെയ്തു. കടലാക്രമണത്തിനൊപ്പം തീവ്ര മഴയുമായതിനാൽ തീരമേഖല അപ്പാടെ വെള്ളത്തിൽ മുങ്ങി.
പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. 66 കുടുംബങ്ങൾ രജിസ്റ്റർ ചെയ്തെങ്കിലും ഒരുകുടുംബം മാത്രമാണ് ക്യാമ്പിലെത്തിയത്. മാറഞ്ചേരി പുറങ്ങ്, മാരാമുറ്റം, പൂച്ചാമം പാലം, പെരുമ്പടപ്പ് അയിരൂർ ഗവർണർ കോളനി ഉൾപ്പെടെയുള്ള 130 വീടുകളിലേക്ക് വെള്ളം കയറി. പലരും ബന്ധുവീടുകളിലേക്ക് താമസം മാറി.
വെളിയങ്കോട് മാട്ടുമ്മൽ ദ്വീപ് പ്രദേശത്ത് വെള്ളം കയറിയതിനെത്തുടർന്ന് ക്യാമ്പ് സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് റവന്യൂ വകുപ്പ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.