പൊന്നാനിയിൽ കടൽക്കലിയടങ്ങുന്നു
text_fieldsപൊന്നാനി: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പൊന്നാനി താലൂക്കിലെ തീരമേഖലയിൽ സർവനാശം വിതച്ച കടലാക്രമണത്തിന് നേരിയ ശമനം. മൂന്നു ദിവസങ്ങളിൽ ആഞ്ഞടിച്ച കടൽത്തിരമാലയിൽ വലിയ തോതിലുള്ള നാശനഷ്ടമാണ് തീരത്തുണ്ടായത്.
പൊന്നാനി അഴീക്കൽ ലൈറ്റ് ഹൗസ് മുതൽ തൃശൂർ ജില്ല അതിർത്തിയായ കാപ്പിരിക്കാട് വരെ നൂറുകണക്കിന് വീടുകളാണ് നാശത്തിന്റെ വക്കിലുള്ളത്. അഞ്ചിലധികം വീടുകൾ പൂർണമായി തകരുകയും ചെയ്തു. 20ലേറെ വീടുകൾ ഭാഗികമായും തകർന്നു. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി വാസയോഗ്യമല്ലാതായി. വീടുകൾക്കുള്ളിൽ ഇപ്പോഴും ചളിയും വെള്ളവും കെട്ടിനിൽക്കുകയാണ്.
തിരമാലകൾ ഒഴുകിയെത്തിയതിന് പുറമെ മഴ വിട്ടൊഴിയാത്തതിനാലും തീരദേശ മേഖലകളിലെ വെള്ളക്കെട്ടിന് കുറവില്ല. ചളി കെട്ടിനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് വീട്ടുകാർ.
മഴ പൂർണമായും ശമിച്ചാൽ മാത്രമേ തീരദേശ മേഖലകളിലെ റോഡുകളിലുൾപ്പെടെയുള്ള വെള്ളക്കെട്ടിന് പരിഹാരമാവൂ. കടലാക്രമണം പൂർണമായും ശമിച്ചാലും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. നിലവിൽ ഒരു ദുരിതാശ്വാസ ക്യാമ്പിൽ ആറ് കുടുംബങ്ങളാണ് ഉള്ളത്. വീടുകൾ കൂടുതലും താമസയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. ഈ കുടുംബങ്ങളുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. പാതി തകർന്ന വീടുകളിലുള്ളവരെല്ലാം വീട്ടു സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. മൂന്നു ദിവസത്തിനിടെ മീറ്ററുകളോളം കരഭാഗമാണ് കടലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.