തമിഴ് പൊന്നാനിയുടെ വേരുകൾ തേടി പൊന്നാനി സ്വദേശികളുടെ യാത്ര
text_fieldsപൊന്നാനി: കേരളത്തിലെ അതിപുരാതന തുറമുഖ നഗരമായ പൊന്നാനിയിൽനിന്ന് തമിഴ്നാട്ടിലെ പൊന്നാനിയിലേക്ക് 'പൊന്നാനിക്കാർ' എത്തുന്നു. മാധ്യമപ്രവർത്തകരായ റഫീഖ് പുതുപൊന്നാനി, ഫാറൂഖ് വെളിയങ്കോട് എന്നിവരുടെ നേതൃത്വത്തിൽ ആറംഗ സംഘവും കെ.പി. മുഹമ്മദ് ബഷീര്‍, യു. അബ്ദുല്‍ ജബ്ബാര്‍ എന്നിവരുമാണ് അയൽ സംസ്ഥാനത്തെ 'സ്വന്തം' നാട്ടിലെത്തിയത്. നീലഗിരി ജില്ലയിലെ പന്തല്ലൂരിനടുത്ത നെല്ലിയാളം പഞ്ചായത്തിലാണ് ഈ പൊന്നാനി. പന്തല്ലൂരിൽനിന്ന് 10 കിലോമീറ്റര്‍ മാറിയാണ്. കുടിയേറ്റ മലയാളികളുടെ സജീവസാന്നിധ്യമുള്ള പ്രദേശമാണ് പന്തല്ലൂര്‍. പണ്ട് പൊന്നാനിയില്‍നിന്ന് കുടിയേറിയവരില്നിന്നുവന്ന പേരാണോ ഈ പൊന്നാനി എന്ന അന്വേഷണത്തിന് പക്ഷേ, തെളിവുകളൊന്നും ലഭിച്ചില്ല. മലപ്പുറം ജില്ലയിലെ പൊന്നാനിയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെന്നും പണ്ട് കാലത്ത് മണലില്‍നിന്ന് പൊന്ന് അരിക്കുന്ന രീതി ഉണ്ടായിരുന്നത് കൊണ്ടാണ് ഈ പേര് വന്നത് എന്ന ഐതിഹ്യം മാത്രമാണുള്ളത് എന്നും റിട്ട. അധ്യാപകനും സമീപവാസിയുമായ ഗംഗാധരന് സാക്ഷ്യപ്പെടുത്തുന്നു.
തേയിലത്തോട്ടങ്ങളാല്‍ സമൃദ്ധമായ മനോഹരമായ ഗ്രാമമാണ് ഈ പൊന്നാനി. കാര്യമായ വികസനം എത്തിയിട്ടില്ലാത്ത ഇടം. തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമാണ് മിക്കവരും. മഹാദേവ ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന കേന്ദ്രം. വണ്ടൂര്‍ നടുവത്ത്മനയുടെ കീഴിലുള്ളതാണ് ക്ഷേത്രം എന്നതാണ് ഈ നാടുമായുള്ള മലയാളി ബന്ധം. എല്ലാ വര്‍ഷവും നടുവത്ത് മനയിലെ കാരണവര്‍ വന്ന് ചടങ്ങ് നടത്തുന്നത് ഇപ്പോഴും തുടരുന്നു.
ആദിവാസി പണിയര്‍, വയനാടന്‍ ചെട്ടിയര്‍ എന്നിവരും ക്രിസ്ത്യൻ സമുദായത്തിൽപെട്ടവരുമാണ് ഗ്രാമവാസികള്‍. പൊന്നാനിയിലെ യാത്രാസംഘത്തിലെ ആറുപേരിൽ പി.പി. റഫീഖ്, ഖലീൽ പള്ളിപ്പടി, ഇർഷാദ് ജമലുല്ലൈലി തങ്ങൾ, എ.കെ. സക്കീർ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.