പൊന്നാനിയിലെ സി.പി.എം ചേരിതിരിവിൽ താൽക്കാലിക വെടിനിർത്തൽ
text_fieldsപൊന്നാനി: പൊട്ടിത്തെറിയിലെത്തിയ പൊന്നാനിയിലെ സി.പി.എമ്മിൽ താൽക്കാലിക വെടിനിർത്തൽ. ടി.എം. സിദ്ദീഖ് വിഭാഗവുമായി സംസ്ഥാന നേതൃത്വം ചർച്ച നടത്തി. മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് അനുനയ ചർച്ചകൾ നടന്നത്.
ഇരുവിഭാഗവുമായും സംസാരിച്ച നേതൃത്വം ടി.എം അനുകൂല വിഭാഗത്തോട് ഇനിയാരും രാജിവെക്കരുതെന്നാവശ്യപ്പെട്ടതായാണ് സൂചന. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് രാജി പ്രഖ്യാപനം തൽക്കാലം മാറ്റിവെച്ചത്. ഈ മാസം 26, 27, 28 തീയതികളിൽ തിരൂരിൽ നടക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിനുശേഷം വിഷയങ്ങൾ രമ്യമായി പരിഹരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. നിലവിൽ രാജിവെച്ച നേതാക്കളായ പി.എം. ആറ്റുണ്ണി തങ്ങൾ, എൻ.കെ. സൈനുദ്ദീൻ എന്നിവർക്കെതിരെ പാർട്ടി അച്ചടക്ക നടപടി എടുത്തിട്ടില്ല. വിഷയത്തിൽ പൊന്നാനിയിൽ വിഭാഗീയതയും തുടർന്നുണ്ടായ ഏകപക്ഷീയ അച്ചടക്ക നടപടിയും ജില്ല സമ്മേളനത്തിനുശേഷം തീർപ്പാക്കാമെന്ന് മുതിർന്ന നേതാക്കൾ ടി.എം. സിദ്ദീഖിനും അനുയായികൾക്കും നേരത്തേ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പിെൻറ പശ്ചാത്തലത്തിലാണ് ഏരിയ സമ്മേളനം സുഗമമായി കഴിഞ്ഞുപോയത്. എന്നാൽ, അതിനുശേഷം ടി.എം. സിദ്ദീഖിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്ന രീതിയാണ് ഏരിയ സെക്രട്ടറി സ്വീകരിച്ചത്. ഇതാണ് പുതിയ പ്രശ്നങ്ങൾക്കിടയാക്കിയത്.
നിലവിലെ വിവാദത്തിൽ മുതിർന്ന നേതാക്കളാരും പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല. ടി.എം. സിദ്ദീഖിന് പാർട്ടി പ്രവർത്തകർക്കിടയിലുള്ള ശക്തമായ ജനസ്വാധീനം നേതാക്കളെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. വിവാദങ്ങൾ ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നുണ്ടെന്നാണ് ഒരുവിഭാഗം നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്. കൂടാതെ നവ മാധ്യമങ്ങൾ വഴിയുള്ള പോരും അവസാനിപ്പിക്കാൻ അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നവ മാധ്യമങ്ങൾ വഴിയുള്ള പ്രശ്നങ്ങളും അവസാനിച്ച മട്ടാണ്.
സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് പൊന്നാനി. മലപ്പുറം ജില്ലയിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് തുടർച്ചയായി ജയിക്കുന്ന ഏക മണ്ഡലവും. ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള വിഭാഗീയത ശരിയായ രീതിയിൽ പരിഹരിച്ചില്ലെങ്കിൽ വലിയ നാണക്കേടും നഷ്ടവുമാണ് പാർട്ടിക്ക് ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.