പൊന്നാനിയിൽ അപകട പരമ്പര; സ്കൂട്ടർ യാത്രികൻ മരിച്ചു
text_fieldsപൊന്നാനി: വ്യാഴാഴ്ച പൊന്നാനിയിൽ അപകട പരമ്പര. മൂന്നിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കുണ്ടുകടവ് ജങ്ഷനിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി മധ്യവയസ്കന് ഗുരുതര പരിക്കേറ്റു. കർമറോഡിൽ ചമ്രവട്ടം പഴയകടവിൽ കാർ പുഴയിലേക്ക് മറിഞ്ഞു. മത്സ്യബന്ധന ബോട്ടുകൾക്കിടയിൽ കൈ കുടുങ്ങി യുവാവിന് സാരമായി പരിക്കേറ്റു.
ദേശീയപാതയിൽ വൈകീട്ടാണ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചത്. രാവിലെ എട്ടരയോടെയാണ് കുണ്ടുകടവ് ജങ്ഷനിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറിയത്. കുണ്ടുകടവ് ഭാഗത്തുനിന്ന് പൊന്നാനിയിലേക്ക് പോവുന്ന ലോറി ജങ്ഷനിൽ വെച്ച് നിയന്ത്രണം നഷ്ടമായി കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം കടക്ക് മുന്നിൽ നിന്നിരുന്ന പൊന്നാനി സ്വദേശിയെ ലോറി ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർമ റോഡിൽ പഴയകടവിൽ പൊന്നാനി ഭാഗത്തുനിന്ന് തിരൂർ ഭാഗത്തേക്ക് പോവുന്ന കാറാണ് സുരക്ഷാവേലി തകർത്ത് പുഴയിലേക്ക് പതിച്ചത്. കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ റൈഹാൻ എന്ന ബോട്ടിലെ തൊഴിലാളിയുടെ കൈയാണ് ബോട്ടുകൾക്കിടയിൽ കുടുങ്ങിയത്. സക്കരിയ എന്നയാളെ പരിക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.