പൊന്നാനി മാതൃ-ശിശു ആശുപത്രിയിൽ മലിനജല സംസ്കരണ പ്ലാന്റ് യാഥാർഥ്യമാകുന്നു
text_fieldsപൊന്നാനി: പൊന്നാനി നഗരസഭക്ക് കീഴിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ മലിനജല പ്രശ്നങ്ങൾക്ക് വൈകാതെ ശാശ്വത പരിഹാരമാകും. മലിനജല സംസ്കരണ പ്ലാന്റ് (എസ്.ടി.പി) നിർമിക്കാൻ ശുചിത്വമിഷൻ 2.98 കോടി രൂപയും ഓപറേഷൻ ആൻഡ് മെയിന്റനൻസ് ചാർജായി നഗരസഭ 68 ലക്ഷം രൂപയും അനുവദിച്ചു.3.60 കോടി രൂപ ചെലവിൽ വാട്ടർ അതോറിറ്റിയാണ് പ്ലാന്റ് നിർമിക്കുക.
സംസ്ഥാനത്ത് ശുചിത്വമിഷന് കീഴിൽ സ്ഥാപനങ്ങളിൽ എസ്.ടി.പി നിർമിക്കാൻ ഇത്ര വലിയ തുക അനുവദിച്ചത് പൊന്നാനിയിൽ മാത്രമാണ്. നേരേത്ത 1. 94 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരുന്നത്. എന്നാൽ, പ്ലാന്റിന്റെ വലുപ്പവും ഗുണനിലവാരവും വർധിപ്പിച്ചതിനെത്തുടർന്ന് തുക 3.60 കോടിയിലേക്ക് എത്തി. ഇതിനിടെ, തുക മുൻകൂറായി നൽകിയാൽ മാത്രമെ പ്രവൃത്തി ആരംഭിക്കൂവെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
തുടർന്ന് ശുചിത്വമിഷൻ ഡയറക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം അനുമതി നൽകുകയായിരുന്നു. ശുചിത്വമിഷൻ ഫണ്ട് ലഭ്യമാവുന്ന മുറക്ക് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം ആരംഭിക്കാനാകും.
ഇതുമായി ബന്ധപ്പെട്ട് നേരേത്ത എം.എൽ.എ പി. നന്ദകുമാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സാങ്കേതികക്കുരുക്കുകൾ തീർക്കാൻ നിർദേശം നൽകിയിരുന്നു. പൊന്നാനി നഗരസഭ ഭരണസമിതിയും ഇക്കാര്യത്തിൽ ഇടപെട്ടതോടെയാണ് പദ്ധതിക്ക് ശുചിത്വമിഷൻ വിഹിതം അനുവദിച്ച് ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.