സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു
text_fieldsപൊന്നാനി: പൊന്നാനി ഹാർബറിലെ ഭവന സമുച്ചയത്തിൽ മാസങ്ങളായി മുടങ്ങിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. പൊന്നാനി ഹാർബറിലെ ഭവന സമുച്ചയത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി നിർമിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണമാണ് പുനരാരംഭിച്ചത്.
ഫെബ്രുവരിയിൽ ആരംഭിച്ച നിർമാണം നാല് മാസത്തിനകം പൂർത്തീകരിക്കുമെന്നായിരുന്നു കരാറുകാർ പറഞ്ഞിരുന്നതെങ്കിലും ഫണ്ട് യഥാസമയം ലഭിക്കാതായതോടെ പ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 1.57 കോടി രൂപ വകയിരുത്തിയ പ്ലാന്റിന് അവസാന ഗഡു അനുവദിക്കാൻ വൈകിയതോടെയാണ് പ്രവർത്തനം നിലച്ചത്. മൂന്ന് മാസമായി പ്രവൃത്തികൾ പൂർണമായും നിലച്ചിരിക്കുകയായിരുന്നു.
പദ്ധതിയുടെ അൻപത് ശതമാനം തുകയും നൽകിയതോടെയാണ് പ്രവൃത്തികൾ ആരംഭിച്ചത്. ഫിഷറീസ് വകുപ്പിന് കീഴിലാണ് പദ്ധതി നടക്കുന്നത്. രണ്ട് മാസം പൊന്നാനിയിലെത്തിയ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യംപെടുത്തിയിരുന്നെങ്കിലും തുടർ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല.
മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി 128 ഫ്ലാറ്റുകൾ 2021 സെപ്റ്റംബർ മാസത്തിൽ പണി പൂർത്തീകരിച്ച് അർഹരായവർക്ക് കൈമാറിയിരുന്നു. എന്നാൽ മലിന ജലം കൃത്യമായി ഒഴുകി പോകാനാകുന്നതും സംസ്കരിക്കാൻ കഴിയുന്നതുമായ സൗകര്യം തീരെ അപര്യാപ്തമായിരുന്നു. ഈ സാഹചര്യത്തിലാണ് 1.56 കോടി രൂപ വകയിരുത്തി ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ജലനിരപ്പ് ഒരേ നിലയിലായതിനാൽ ഖര ദ്രവ്യ മലിനജലം നാലിടങ്ങളിലായി പമ്പ് ചെയ്ത് ഒരു ടാങ്കിലെത്തിച്ചതിന് ശേഷം ശുദ്ധീകരിച്ച് ഗാർഡനിങ്, ഫ്ലഷിങ് വഴിയോ അല്ലെങ്കിൽ സോക്ക്പിറ്റ് വഴി ശുദ്ധീകരിച്ചോ ഒഴുക്കി വിടും. ഒരു ദിവസം ഒരു ലക്ഷം ലിറ്റർ മലിന ജലം ഇതുവഴി ശുചീകരിക്കാം. എം.ബി.ബി.ആർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശുദ്ധീകരണ പ്രവൃത്തികൾ നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.