ശ്രീലങ്കൻ സംഘം ബോട്ടിൽ എത്തിയതായി വിവരം
text_fieldsപൊന്നാനി: ശ്രീലങ്കയിൽനിന്നുള്ള 45 അംഗ സംഘം സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് ബോട്ടിൽ കേരള തീരത്തേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തീരമേഖലയിൽ തീരദേശ പൊലീസ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് സംഘം കേരളത്തിൽ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
തീരദേശ പൊലീസിെൻറ ബോട്ടിലും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മറ്റു മത്സ്യബന്ധന ബോട്ടുകളിലുമാണ് പരിശോധന നടത്തിയത്.
സംശയാസ്പദ സാഹചര്യത്തിൽ കടലിൽ ബോട്ടുകൾ കണ്ടാൽ പൊലീസിൽ വിവരം നൽകണമെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി. ശ്രീലങ്കൻ എൽ.ടി.ടിയുടെ സംഘാംഗങ്ങളാണ് ബോട്ടിലുള്ളതെന്നാണ് സൂചന. ആവശ്യത്തിലധികം ഇന്ധനം സംഭരിക്കാനായി എത്തുന്നവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
തീരമേഖലയിലെ ഹോട്ടലുകളിൽ സംഘം തങ്ങാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യവും പരിശോധിക്കുന്നുണ്ട്. ഓരോ ബോട്ടുകളുടെയും രേഖകൾ പ്രത്യേകമായി പരിശോധിക്കുന്നതിനൊപ്പം സംശയാസ്പദമായി കാണുന്നവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തുന്നുണ്ട്.
ശ്രീലങ്കയിലെ തമിഴ് വംശജരാണ് ബോട്ടിലുള്ളതെന്നാണ് വിവരം. വർഷങ്ങൾക്കു മുമ്പ് പൊന്നാനി കടൽ വഴി ശ്രീലങ്കൻ തമിഴ് വംശജരെ ബോട്ടിൽ കടത്താൻ ശ്രമം നടന്നിരുന്നു.
ഈ വിവരം പൊലീസിന് ഉടൻ ലഭിച്ചതിനാൽ മനുഷ്യക്കടത്ത് തടയാൻ സാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.