ഭീതി പരത്തി തെരുവുനായ: പൊന്നാനിയിലും മാറഞ്ചേരിയിലും നിരവധി പേർക്ക് നേരെ ആക്രമണം, നാല് പേർക്ക് ഗുരുതര പരിക്ക്
text_fieldsപൊന്നാനി: പൊന്നാനിയിലും മാറഞ്ചേരിയിലും അക്രമാസക്തരായി തെരുവുനായ്ക്കൾ വിലസുന്നു. തെരുവ് നായ് ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്.
പൊന്നാനിയിൽ കറുകത്തിരുത്തി വളവ്, മാറഞ്ചേരിയിൽ പനമ്പാട്, കരിങ്കല്ലത്താണി ഭാഗങ്ങളിലാണ് തെരുവുനായ് നിരവധി പേരെ കടിച്ച് പരിക്കേൽപ്പിച്ചത്. തെരുവുനായുടെ ആക്രമണത്തിൽ പൊന്നാനി കറുകത്തിരുത്തി സ്വദേശികളായ മംഗലത്തുവീട്ടിൽ താജുദ്ധീൻ(31), അണ്ടിപ്പാട്ടിൽ മുജീബ് (45), നാലകത്ത് ശക്കീർ (33), മാറഞ്ചേരി കരിങ്കല്ലത്താണി സ്വദേശി കരുണക്കോട്ട് അരുൺ (38) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. മേഖലയിൽ മാസങ്ങളായി തെരുവുനായ്ക്കൾ നിരവധി പേരെയാണ് അക്രമിച്ച് പരിക്കേൽപ്പിച്ചത്. പൊന്നാനി, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് മേഖലകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. പകൽ സമയങ്ങളിൽ പോലും പൊന്നാനി ഉൾപ്പെടെയുള്ള നഗരങ്ങളിലെ പ്രധാന റോഡുകളിൽ തെരുവുനായ്ക്കൾ കൂട്ടമായി എത്തുന്നത് ജീവന് ഭീഷണിയായി മാറുകയാണ്. പൊന്നാനി ശ്വാന സൗഹൃദ നഗരസഭയാക്കുമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങിയതോടെ തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പൊതുജനം.
ഏറെ കൊട്ടിഘോഷിച്ച് പൊന്നാനി നഗരസഭ ആരംഭിച്ച ശ്വാന സൗഹൃദ നഗരസഭ എന്ന പദ്ധതിയാണ് പാതിവഴിയിൽ മുടങ്ങിയത്. തെരുവുനായ്ക്കൾ തെരുവിലിറങ്ങി നാട്ടുകാരെ കടിച്ച് പരിക്കേൽപ്പിക്കുകയാണ്. നഗരസഭയിലെ പൊന്നാനി-പള്ളിപ്രം ദേശീയ പാത, ചന്തപ്പടി, നായരങ്ങാടി, ഓം തൃക്കാവ്, ആനപ്പടി, തൃക്കാവ്, എം.എൽ.എ റോഡ്, പുഴമ്പ്രം, ബിയ്യം, കടവനാട് മേഖലകളിലെല്ലാം തെരുവുനായ്ക്കൾ യഥേഷ്ടം വിഹരിക്കുകയാണ്. പല തവണ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. 30 വർഷം മുമ്പ് നഗരസഭയും ജേസീസും ചേർന്ന് പൊന്നാനിയെ പേ വിമുക്ത നഗരമാക്കി പ്രഖ്യാപിച്ചിരുന്നുവെങ്കിലും തെരുവുനായ്ക്കൾക്ക് കുറവില്ല.
കൊല്ലുന്നതിന് നിയമതടസ്സം –മനുഷ്യാവകാശ കമീഷൻ
മലപ്പുറം: തെരുവുനായ്ക്കളെ കൊല്ലുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമ തടസ്സമുണ്ടെന്നും ജനനനിയന്ത്രണ പദ്ധതികൾ നടപ്പാക്കി അവയുടെ ആക്രമണസ്വഭാവം ലഘൂകരിച്ച് സമാധാന ജീവിതം ഉറപ്പാക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വട്ടംകുളം പഞ്ചായത്തിലെ രൂക്ഷമായ തെരുവുനായ് ശല്യത്തിനെതിരെ സമർപ്പിക്കപ്പെട്ട പരാതികൾ തീർപ്പാക്കിക്കൊണ്ടാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിെൻറ ഉത്തരവ്. സി.എൻ. ദേവകി അമ്മ, ഉഷാ രാജൻ എന്നിവരാണ് പരാതി നൽകിയത്.
വട്ടംകുളത്തെ പ്രശ്നം പരിഹരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി താൽപര്യമെടുക്കണം
ആക്രമണ സ്വഭാവമുള്ള നായ്ക്കളെ പിടികൂടി മൃഗസ്നേഹികളുടെ സഹായത്തോടെ ഭക്ഷണം നൽകി മാറ്റിപ്പാർപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയും. ദത്തെടുക്കാനുള്ള സംവിധാനവും ഏർപ്പെടുത്താം. പ്രത്യേക സ്ഥലങ്ങളിൽ നിശ്ചിത സമയം തീരുമാനിച്ച് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിന് താൽപര്യമുള്ളവരെ കണ്ടെത്തി സംവിധാനം ഒരുക്കാവുന്നതാണ്. റോഡരികിൽ ഭക്ഷണാവശിഷ്ടങ്ങളുടെ ലഭ്യത ഒഴിവാക്കി ഇവയെ ജനവാസകേന്ദ്രങ്ങളിൽ നിന്ന് അകറ്റിനിർത്താം. ഇപ്പോൾ നടപ്പാക്കിവരുന്ന ജനന നിയന്ത്രണ സംവിധാനം ഊർജിതപ്പെടുത്തി കുറഞ്ഞ സമയത്തിനുള്ളിൽ വന്ധ്യംകരണം നടത്താമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
ആശങ്കയോടെ വള്ളിക്കുന്ന് നിവാസികൾ പത്തോളം പേർക്ക് കടിയേറ്റു
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമായിട്ടും നടപടി എടുക്കാൻ അധികൃതർ തയാറാവാത്തതിൽ പ്രതിഷേധം വ്യാപകം. കഴിഞ്ഞ ദിവസമാണ് ആനയറങ്ങാടി ഭാഗത്ത് പത്തോളം പേർക്ക് തെരുവുനായുടെ കടിയേറ്റത്. ആളുകൾക്ക് പുറമെ വീട്ടിൽ വളർത്തുന്ന പശുക്കൾക്കും കടിയേറ്റിട്ടുണ്ട്.
മാമ്പയിൽ രമ്യ (29), വി.കെ. സൗമിനി (55), ചോലയിൽ ബബിത (28), അമ്പലത്തിങ്ങൽ നിഷാദ് (45), ഭാര്യ സോന (35), താഴത്തയിൽ ചന്ദ്രൻ (70), അമ്പലത്തിങ്ങൽ സുലോചന (55), തറോൽ പ്രേമ (60) തുടങ്ങിയവർക്ക് ആണ് പരിക്കേറ്റത്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. അറയ്ക്കൽ ജയപ്രകാശ്, പറമ്പിൽപ്പടി കുട്ടി അപ്പു, പറമ്പിൽപ്പടി രവീന്ദ്രൻ, ഒതയങ്ങോട്ട് വിജയൻ എന്നിവരുടെ വീട്ടിലെ പശുക്കൾക്കാണ് കടിയേറ്റത്.
പകൽ സമയങ്ങളിൽ പോലും വള്ളിക്കുന്ന് പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. പുലർച്ച നടക്കാനിറങ്ങുന്നവർ പലരും ഇവരുടെ ആക്രമണത്തിന് ഇരയായി. നിരവധി ഇരുചക്ര വാഹന യാത്രികരും തെരുവുനായ്ക്കൾ കാരണം അപകടത്തിൽ പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.