തെരുവുകച്ചവടക്കാരെ പുറത്താക്കി
text_fieldsപൊന്നാനി: കോടികൾ ചെലവഴിച്ച് സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തിയ പൊന്നാനി കുണ്ടുകടവ് ജങ്ഷൻ കൈയടക്കി തെരുവുകച്ചവടം നടത്തിയവരെ ഒഴിപ്പിച്ച് നഗരസഭ. ഇതുവഴി കാൽ നടയാത്ര പോലും ദുസ്സഹമായ സാഹചര്യത്തിലാണ് പൊന്നാനി നഗരസഭയുടെ നടപടി. പൊതുനിരത്ത് കൈയേറി കച്ചവടം നടത്തുന്ന 20 പേരെയാണ് ഒഴിപ്പിച്ചത്. ഇതിൽ അഞ്ച് പേർക്ക് മാത്രമാണ് സ്ട്രീറ്റ് വെൻഡിങ് ലൈസൻസ് ഉള്ളത്. ലൈസൻസ് ഉള്ളവരെ പുനരധിവസിപ്പിക്കാനാണ് തീരുമാനം.
റോഡ് കൈയേറിയുള്ള കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നേരത്തെ നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചവരെയാണ് ഒഴിപ്പിച്ചത്. പൊന്നാനി കുണ്ടുകടവ് ജങ്ഷൻ മുതൽ മുക്കട്ടകൽ പാലം വരെയുള്ള ഭാഗത്ത് റോഡ് വീതി വർധിപ്പിച്ച് സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തിയെങ്കിലും ഇവയെ തകിടം മറിച്ചാണ് കുണ്ടുകടവ് ജങ്ഷനിൽ തെരുവ് കച്ചവടം വ്യാപകമായത്. നേരത്തെ കൈയേറ്റവുമായി ബന്ധപ്പെട്ട് കേസുകൾ ഉൾപ്പെടെ നിലനിന്നിരുന്നെങ്കിലും ഹൈക്കോടതി വിധി നഗരസഭക്ക് അനുകൂലമായിരുന്നു.
ഇതേത്തുടർന്ന് ജങ്ഷന്റെ ഭംഗി നശിപ്പിക്കുന്ന തരത്തിലുള്ള കൈയേറ്റ ഭൂമിയിലെ തട്ടുകടകൾക്ക് ഉൾപ്പെടെ നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. റെവന്യൂ വകുപ്പിന്റെ സഹകരണത്തോടെയാണ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചത്. നഗരസഭ സെക്രട്ടറി എസ്. സജിറൂൺ, എച്ച്.എസ് പ്രദീപ്, ക്ലീൻസിറ്റി മാനേജർ ദിലീപ് കുമാർ, ജെ.എച്ച്.ഐമാരായ ശ്രീധു, ലിസ്ന, പി.ഡബ്യു.ഡി ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.