കടൽ പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് പഠനം
text_fieldsപൊന്നാനി: അറബിക്കടലിൽ ധാരാളമായി കാണാറുള്ള കടൽ പക്ഷികളായ സ്കൂവ, പെട്രൽസ്, ഷീർ വാട്ടർ എന്നിവയുടെ എണ്ണത്തിലാണ് ഗണ്യമായ കുറവെന്ന് കണ്ടെത്തൽ. കേരള വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം മലപ്പുറം ഡിവിഷന്‍റെ നേതൃത്വത്തിലാണ് പൊന്നാനി ഭാഗത്ത് കടലിൽ കടൽ പക്ഷികളുടെ സർവേ നടത്തിയത്.
എന്നാൽ, കടലിൽ സ്ഥിരമായി കാണാറുള്ള ബ്ലാക്ക് ഹെഡഡ് ഗൾ, ലെസ്സർ ബാക്ക് പാക്ക്, ഹൈഡിൽസ് ടേൺ, ബ്രൗൺ ഹെഡഡ് ഗൾ, ഗ്രേറ്റർ ക്രസ്റ്റഡ് ടേൺ, ലെസർ ക്രസ്റ്റഡ് ടേൺ, കോമൺ ടേൺ, വിസ്ക്കേസ് ടേൺ തുടങ്ങിയ പക്ഷികൾ സാധാരണ കാണാറുള്ളത് പോലെ കടലിലുണ്ടെങ്കിലും ചിലയിനം പക്ഷികളെ കടലിൽ കാണാനാവാത്തത് ആശങ്കക്കിടയാക്കുന്നു.
കാലാവസ്ഥ വ്യതിയാനവും കടലിലെ മാറ്റങ്ങളുമാകാം ഇത്തരത്തിൽ കടൽ പക്ഷികളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയതെന്നാണ് നിഗമനം. കടൽ പക്ഷികളുടെ വൈവിധ്യം അറിയുന്നതിനും കടൽ പക്ഷികളുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനും കടൽ പക്ഷി നിരീക്ഷണത്തിൽ മത്സ്യത്തൊഴിലാളികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് സർവേ നടത്തിയത്. കടൽ പക്ഷികൾ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കി അവയുടെ സംരക്ഷണത്തിനുള്ള പദ്ധതികളും തയാറാക്കും.
സാമൂഹിക വനവത്കരണ വിഭാഗം ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി, ഐ.എഫ്.എസ് മലപ്പുറം സോഷ്യൽ ഫോറസ്ട്രി സിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ വി. സജികുമാർ, മലപ്പുറം സോഷ്യൽ ഫോറസ്ട്രി റേഞ്ച് അസി. ഓഫിസർ നിഷാൽ പുളിക്കൽ, പക്ഷി നിരീക്ഷകൻ സത്യൻ മേപ്പയൂർ, വനം വകുപ്പ് ജീവനക്കാർ, പക്ഷി നിരീക്ഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവർ സർവേയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.