പൊന്നാനിയിൽ സിറിഞ്ചുകൾ കണ്ടെത്തിയ സംഭവം; ഇൻസുലിൻ കുത്തിവെച്ചതിന്റെ അവശിഷ്ടമെന്ന് അധികൃതർ
text_fieldsപൊന്നാനി: പുഴയോര പാതയായ പൊന്നാനി കർമ്മ റോഡിലെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് കണ്ടെത്തിയ സിറിഞ്ചുകൾ ലഹരിക്കു വേണ്ടി ഉപയോഗിച്ചതല്ലെന്ന് സംയുക്ത പരിശോധനയിൽ കണ്ടെത്തൽ.
പ്രമേഹ രോഗികൾ ഇൻസുലിന് വേണ്ടി ഉപയാഗിച്ച് വലിച്ചെറിഞ്ഞ സിറിഞ്ചുകളാണ് ഇവയെന്നാണ് നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കർമ്മ റോഡിൽ ലഹരി ഉപയോഗം വ്യാപകമെന്ന രീതിയിലാണ് ഉപേക്ഷിക്കപ്പെട്ട സിറിഞ്ചുകളുടെ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.
പുതുവത്സര ദിനത്തോടനുബന്ധിച്ചായിരുന്നു വീഡിയോ പ്രചരിച്ചത്. കർമ്മ റോഡിലെ ഏതുഭാഗത്താണ് ഇതെന്ന് വീഡിയോയിൽ വ്യക്തമാക്കിയിരുന്നില്ല. തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കുറ്റിക്കാടിനോട് ചേർന്ന കർമ്മ റോഡിലെ പറമ്പിൽ സിറിഞ്ചുകൾ കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ തന്നെ ഇൻസുലിൻ ഉപയാഗിച്ച് ഉപേക്ഷിച്ച സിറിഞ്ചുകളെന്ന് വ്യക്തമായി. സ്ഥിരമായി ഇൻസുലിൻ ഉപയോഗിക്കുന്ന ആരോ കവറിൽ കെട്ടി വഴിയിൽ വലിച്ചെറിഞ്ഞതാണെന്ന് വ്യക്തമാണെന്ന് പരിശോധന സംഘം പറഞ്ഞു. അമ്പതോളം സിറിഞ്ചുകളാണ് കണ്ടെത്തിയത്. ആളുകളുടെ ശ്രദ്ധ പതിയുന്ന സ്ഥലത്താണ് സിറിഞ്ചുകൾ കണ്ടെത്തിയത്.
ലഹരി ഉപയോഗിക്കുന്നവർ ഇങ്ങനെയുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കില്ല. ഇത്രയേറെ ആളുകൾ പാതയോരത്തിരുന്ന് ഒരുമിച്ച് ലഹരി ഉപയോഗിക്കില്ലെന്നാണ് നിഗമനം. പുതുവത്സരത്തോടനുബന്ധിച്ച് കർമ്മ റോഡിൽ രാത്രിയും പകലും കർശന പരിശോധന നടന്നിരുന്നു. സിറിഞ്ചുകൾ കണ്ടെത്തിയ മേഖലയിലും നിരീക്ഷണമുണ്ടായിരുന്നു. സംശയാസ്പദമായ ഒന്നും കണ്ടിരുന്നില്ലെന്നും എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിഡിയോയിൽ പറയുന്ന കാര്യങ്ങൾ അവാസ്തവമാണ്. കണ്ടെടുത്ത സിറിഞ്ചുകൾ എക്സൈസിന് കൈമാറി. ഇതുസംബന്ധിച്ച് എക്സൈസ് വിശദമായ പരിശോധന നടത്തും. തെറ്റായ പ്രചരണത്തിന് കാരണമായ വിഡിയോയുടെ ഉറവിടവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.