താലൂക്ക് വികസന സമിതി തീരുമാനങ്ങൾ കടലാസിലൊതുങ്ങുന്നു
text_fieldsപൊന്നാനി: ഓരോ മാസവും ചേരുന്ന താലൂക്ക് വികസന സമിതിയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ നടപടികൾ സ്വീകരിക്കാൻ തയാറാവാത്തതിനാൽ തുടർസഭകളിലും ഇതേ വിഷയം ഉയരുന്നത് പതിവായതോടെ ഉദ്യോഗസ്ഥ സമീപനത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം രൂക്ഷ വിമർശനമുന്നയിച്ചു. ഇത്തരത്തിൽ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
റവന്യൂ ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലം ജില്ലതല പട്ടയമേളയിൽ പൊന്നാനി നഗരസഭ പരിധിയിലെ ഒരാൾക്ക് പോലും പട്ടയം ലഭിച്ചില്ലെന്ന് പരാതി ഉയർന്നു. ജില്ലയിൽ 5370 പേർക്ക് പട്ടയം ലഭിച്ചതിൽ ഒരാൾ പോലും പൊന്നാനിയിൽനിന്നില്ലാത്തതിന് ഉത്തരവാദികൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. വേനൽ കനത്തിട്ടും കുടിവെള്ള വിതരണം നടത്താൻ ജല അതോറിറ്റി തയാറാകാത്തതിൽ അംഗങ്ങൾ വിമർശനമുന്നയിച്ചു. ജല അതോറിറ്റിയുടെ ഈ നിലപാട് മൂലം ലക്ഷങ്ങളുടെ ബാധ്യതയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് ഉണ്ടാകുന്നത്.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട റോഡുകളിൽ അറ്റകുറ്റപണി നടത്താത്തത് മൂലമുണ്ടാകുന്ന പ്രയാസങ്ങൾക്ക് അതോറിറ്റി ഉത്തരവാദികളാണെന്നും യോഗം അഭിപ്രായപ്പെട്ടു. പൊന്നാനി കടൽത്തീരത്ത് ടൂറിസം പദ്ധതികൾ നടപ്പാക്കാൻ പോർട്ടിന്റെ അധീനതയിലുള്ള സ്ഥലം നഗരസഭക്ക് കൈമാറുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എ.കെ. സുബൈർ, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദീൻ, മറ്റ് രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.