താലൂക്ക് വികസന സമിതി യോഗം; രക്ഷയില്ല, പങ്കെടുത്തത് ഒരു ജനപ്രതിനിധി മാത്രം
text_fieldsപൊന്നാനി: പലതവണ പറഞ്ഞിട്ടും നിർദേശം നൽകിയിട്ടും രക്ഷയില്ലാതെ പൊന്നാനി താലൂക്ക് വികസന സമിതി യോഗം. പൊന്നാനി താലൂക്ക് വികസന സമിതി യോഗം നടന്നത് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരില്ലാതെ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെത്താത്തതിനാൽ പ്രഹസനമായി മാറുന്ന പൊന്നാനി താലൂക്ക് വികസന സമിതി യോഗത്തിന് സെപ്റ്റംബറിലും മാറ്റമില്ല.
പൊന്നാനി തഹസിൽദാറുടെ ചേംബറിൽ താലൂക്കിലെ മുഴുവൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ പങ്കെടുക്കേണ്ട എം.എൽഎമാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പൊന്നാനി നഗരസഭ ചെയർമാൻ, ജില്ല പഞ്ചായത്ത് മൂന്ന് ഡിവിഷൻ മെംബർമാർ, എട്ടോളം വരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടിയങ്ങിയവരിൽ ജില്ല പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെംബർ എ.കെ. സുബൈർ മാത്രമാണ് പങ്കെടുത്തത്ത്. പൊന്നാനി താലൂക്കിലെ വികസന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്ന വേദിയായ താലൂക്ക് വികസനസമിതി യോഗമാണ് ജനപ്രാതിനിധ്യമില്ലാതെ വെറും ചടങ്ങ് മാത്രമായി മാറുന്നത്.
പൊന്നാനി താലൂക്കിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിക്കാനും അവക്ക് പരിഹാരം കാണാനുമുള്ള വേദിയാണ് വികസനസമിതി യോഗം. നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, താലൂക്കിലെ ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ സംബന്ധിക്കേണ്ട യോഗം പലപ്പോഴും ശുഷ്കിച്ച പങ്കാളിത്തം കൊണ്ട് പ്രഹസനമായി മാറുകയാണ്. പലപ്പോഴും മണ്ഡലത്തിലുണ്ടെങ്കിൽ പോലും എം.എൽ.എ താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാറില്ലെന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
പ്രതിനിധികൾ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് മറുപടി പറയാൻ പലപ്പോഴും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ഇല്ലാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് വികസനസമിതി യോഗം കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകിയിരുന്നു. മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് താലൂക്ക് വികസനസമിതി യോഗം താലൂക്ക് ഓഫിസിൽവെച്ച് ചേരാറുള്ളത്. പലപ്പോഴും ഉദ്യോഗസ്ഥർക്ക് പുറമെ നഗരസഭ ചെയർമാനും രാഷ്ട്രീയ പ്രതിനിധികളും മാത്രമാണ് സംബന്ധിക്കാറുള്ളത്.
ഭൂരിഭാഗം പഞ്ചായത്ത് പ്രസിഡൻറുമാരും താലൂക്ക് വികസനസമിതി യോഗത്തിൽ എത്താറുമില്ല. പലപ്പോഴും ഈ വിഷയം യോഗത്തിൽ ഉന്നയിക്കാറുണ്ടെങ്കിലും ഇതൊന്നും ആരും ഗൗരവമായി എടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
ഭാരതപ്പുഴയിലെ മണൽത്തിട്ട നീക്കണം
പൊന്നാനി: ഭാരതപ്പുഴയിൽ രൂപപ്പെട്ട മണൽത്തിട്ട നീക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മഴയിൽ തകർന്ന റോഡുകൾ എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്നും ആലങ്കോട് വില്ലേജ് ഓഫിസിന് അടിയന്തരമായി കെട്ടിടം പണിയണമെന്നും പൊന്നാനി അങ്ങാടിപ്പാലം വികസനം എത്രയും വേഗം പൂർത്തിയാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
കർമ റോഡിൽ സർവിസ് നടത്തുന്ന ബോട്ടുകളുടെ രേഖകൾ നിർബന്ധമായും പരിശോധിച്ചു ഉറപ്പിച്ചതിനുശേഷം മാത്രം അനുമതി നൽകണമെന്നും താലൂക്ക് വികസന സമിതിയിൽ എല്ലാ വകുപ്പിലെയും ഉദ്യോഗസ്ഥ മേധാവികൾ തന്നെ പങ്കെടുക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. തുറുവാണം ശ്മാശാനം ഇലക്ട്രിഫിക്കേഷൻ പൂർത്തിയായിട്ടും തുറന്ന് നൽകാത്തതിനാൽ സാധിക്കാത്തതിനാൽ ഉപകരണങ്ങൾ നശിച്ചുപോകുന്ന സാഹചര്യമാണെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യമുയർന്നു. ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ദേശാടന പക്ഷികൾ കൂടുകൂട്ടിയിട്ടുള്ള മരം ട്രീ കമ്മിറ്റി കൂടി പക്ഷികൾ ഒഴിവാക്കുന്ന സമയത്ത് മുറിക്കുന്നതിന് നടപടി സ്വീകരിക്കണം. ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളും ഹാജരാകാത്തതിനെതിരെ സമിതി അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.