വള്ളം തകർന്ന കേസ്; ഇൻഷുറൻസ് നൽകാൻ തടസ്സമായി ഫിഷറീസ് വകുപ്പ്
text_fieldsപൊന്നാനി: മൂന്ന് വർഷം മുമ്പ് അപകടത്തിൽ തകർന്ന വള്ളത്തിന്റെ ഇൻഷുറൻസ് ഗുണഭോക്തൃ വിഹിതം അടച്ചിട്ടും ഫിഷറീസ് വകുപ്പധികൃതരുടെ നടപടി മൂലം ഇൻഷുറൻസ് തുക ലഭിച്ചില്ലെന്ന് പരാതി. സബ്സിഡി ഉൾപ്പെടുത്തി ഇൻഷുറൻസ് കമ്പനിയിലേക്ക് ഫിഷറീസ് വകുപ്പ് അധികൃതർ തുകയടക്കാത്തതാണ് ഇൻഷുറൻസ് ലഭിക്കാതിരിക്കാൻ കാരണം. പൊന്നാനി മരക്കടവ് സ്വദേശി ചെമ്പുകടിയന്റെ മുജീബിന്റെ ഉടമസ്ഥതയിലുള്ള ‘നൂറുൽ ഹുദ’ വള്ളം 2020 സെപ്റ്റംബർ ഏഴിനാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഒരാൾ മരിക്കുകയും 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. 3650 രൂപയുടെ ഇൻഷുറൻസിൽ ഗുണഭോക്തൃവിഹിതമായി അടക്കേണ്ട പത്ത് ശതമാനം തുക ഉടമ നേരത്തെ തന്നെ അടച്ചിരുന്നു.
അപകടത്തിന് ശേഷം ഇൻഷുറൻസ് ലഭിക്കാനായി ഗുണഭോക്തൃവിഹിതം അടച്ച രശീതി ഉൾപ്പെടെ ഫിഷറീസ് ഡി.ഡി ഓഫിസിൽ സമർപ്പിക്കുകയും ചെയ്തു. സബ്സിഡി ഉൾപ്പെടുത്തി ഇൻഷുറൻസ് കമ്പനിയിലേക്ക് ഗുണഭോക്തൃ വിഹിതം അടക്കാൻ ഉദ്യോഗസ്ഥർ തയാറാവാതിരുന്നതാണ് വള്ളമുടമയെ വെട്ടിലാക്കിയത്. അപകടം നടന്നശേഷം ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ ഫയൽ കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മുജീബ് പറഞ്ഞു. വിഷയത്തിൽ ഉന്നത വകുപ്പുകളെ സമീപിക്കാനൊരുങ്ങുകയാണ് മുജീബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.