പൊന്നാനിയിലെ തോൽവിക്ക് കാരണം കോൺഗ്രസ് നേതൃത്വത്തിെൻറ അനാസ്ഥയെന്ന് ആക്ഷേപം
text_fieldsപൊന്നാനി: നഗരസഭയിൽ യു.ഡി.എഫിനുണ്ടായ കനത്ത തോൽവിയുടെ പ്രധാനകാരണം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അനാസ്ഥ മൂലമാണെണ് കോൺഗ്രസ് കൺവെൻഷനിൽ പാർട്ടി ഭാരവാഹികളുടെ ആക്ഷേപം. കെ.പി.സി.സി നിർദേശപ്രകാരം കെ.പി.സി.സി സെക്രട്ടറി രാജേഷ് പങ്കെടുത്ത കോൺഗ്രസ് കൺവെൻഷനിലാണ് ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ ജില്ല നേതൃത്വത്തിെൻറ കുറ്റപ്പെടുത്തിയത്. പാർട്ടിയെവേണ്ട വിധം ചലിപ്പിക്കാൻ ഡി.സി.സിക്ക് കഴിഞ്ഞില്ലെന്നാണ് പ്രധാന ആക്ഷേപം. എൽ.ഡി.എഫ് സർക്കാറിനെതിരെ കെ.പി.സി.സി പ്രസിദ്ധീകരിച്ച കുറ്റപത്രവും ലഘുലേഖയും പൊന്നാനി നിയോജക മണ്ഡലത്തിൽ എത്തിയില്ലെന്നും ഇവർ ആരോപിച്ചു.
ഈ പോസ്റ്ററുകൾ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് ജില്ല നേതൃത്വം വ്യക്തമാക്കണമെന്ന് ഇവർ കൺവെൻഷൻ ആവശ്യപ്പെട്ടു. പാർട്ടിയുടെ ഒരു പരിപാടിക്കും ജില്ല നേതാക്കൾ എത്തിയില്ലെന്നും ബൂത്തുകളിൽ തെരഞ്ഞെടുപ്പ് ദിവസം പര്യടനം നടത്താൻ സംവിധാനമുണ്ടായില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക സഹായവും കോൺഗ്രസ് സ്ഥാനാർഥികൾക്ക് നൽകിയില്ലെന്നും നേതാക്കൾ ആരോപിച്ചു. ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ എൽ.ഡി.എഫിന് പോയതായും കൺവെൻഷൻ വിലയിരുത്തി.
അസംബ്ലി െതരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് നേതാക്കൾക്ക് നിർദേശം നൽകി. ഡിസംബർ 31ന് ശേഷം ഡി.സി.സി പ്രസിഡൻറിനെ പങ്കെടുപ്പിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം വിശദമായി ചർച്ച ചെയ്യാൻ തീരുമാനിച്ചു. ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, മത്സരിച്ച സ്ഥാനാർഥികൾ, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ എന്നിവരാണ് കൺവെൻഷനിൽ പങ്കെടുത്തത്. പി.ടി. അജയ്മോഹൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി രാജേഷ്, മുൻ എം.പി സി. ഹരിദാസ്, വി. സൈദ് മുഹമ്മദ് തങ്ങൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.