വെള്ളക്കെട്ട് രൂക്ഷം; ദേശീയപാത നിർമാണം തടഞ്ഞ് നഗരസഭ
text_fieldsപൊന്നാനി: ദേശീയപാതയോരത്തെ വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ് നിർമാണം തടഞ്ഞ് പൊന്നാനി നഗരസഭ ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം. ദേശീയപാതയോരത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള നടപടി എങ്ങുമെത്താത്തതിനെത്തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെയാണ് നഗരസഭ അധികൃതരെത്തി നിർമാണം നിർത്തിവെപ്പിച്ചത്. വെള്ളം ഒഴുകിപ്പോകാനുള്ള ചമ്രവട്ടം ജങ്ഷനിലെ ഓടകൾ ദേശീയപാത നിർമാണത്തെ തുടർന്ന് അടഞ്ഞതോടെയാണ് കൗൺസിലർമാർ പ്രതിഷേധവുമായി എത്തിയത്. നഗരസഭയിലെ ആറ്, ഏഴ, എട്ട്, ഒമ്പത്, 20 വാർഡുകളിലെ മഴവെള്ളം നീലംതോട് വഴി ചമ്രവട്ടം ജങ്ഷനിലെ ദേശീയപാതയിലെ കലുങ്ക് വഴി ബിയ്യം കായലിലേക്കാണ് ഒഴുകിപ്പോയിരുന്നത്. എന്നാൽ, ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി ഈ കലുങ്ക് അടച്ചു.
ദേശീയപാതയുടെ കാന ഉയർത്തി നിർമിച്ചതിനാൽ കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് ഈ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. 50 ഓളം കുടുംബങ്ങൾ വീടൊഴിയുകയും ചെയ്തു. ഞായറാഴ്ചയും വെള്ളക്കെട്ടിന് പരിഹാരമാവാത്തതോടെയാണ് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ കൗൺസിലർമാർ പ്രവൃത്തികൾ നിർത്തിവെപ്പിച്ചത്. വെള്ളക്കെട്ടിന് പരിഹാരം കണ്ടതിന് ശേഷം മാത്രമേ നിർമാണം അനുവദിക്കൂവെന്ന നിലപാടിൽ നഗരസഭ എത്തിയതോടെ ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് തടസ്സങ്ങൾ മാറ്റി വെള്ളം ഒഴുക്കിവിട്ടു.
ദേശീയപാത നിർമാണം ആരംഭിച്ചത് മുതൽ തുടങ്ങിയ ദുരിതത്തിനാണ് ഇനിയും പരിഹാരമില്ലാത്തത്. പലതവണ പ്രതിഷേധങ്ങൾ ഉയർന്നിട്ടും വെള്ളം ഒഴുകിപ്പോകാനുള്ള പരിഹാരം മാർഗം ഒരുക്കാതെ അധികൃതർ മുന്നോട്ട് പോവുകയായിരുന്നു. പ്രതിഷേധങ്ങളും പരാതികളും ശക്തമാകുമ്പോൾ മുറപോലെ ദേശീയപാത അധികൃതർ സ്ഥലം സന്ദർശിച്ച് പരിഹാരം കാണാമെന്ന ഉറപ്പ് നൽകുക മാത്രമാണിപ്പോൾ നടക്കുന്നത്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി ദേശീയപാതയുടെ കാന നിർമാണം ആരംഭിച്ചത് മുതൽ തുടങ്ങിയ വെള്ളക്കെട്ട് ദുരിതത്തിനാണ് ഇനിയും അവസാനമില്ലാത്തത്. കാന നിർമാണം ആരംഭിക്കുന്നത് മുമ്പ് തന്നെ വെള്ളക്കെട്ട് ഭീഷണിയുണ്ടാകുമെന്ന മുന്നറിയിപ്പ് നാട്ടുകാർ നൽകിയിരുന്നെങ്കിലും ഇതൊന്നും ഗൗനിക്കാതെ കാന നിർമിച്ചതാണ് നഗരസഭയിലെ അഞ്ച് വാർഡുകളിലുള്ളവരെ പ്രയാസത്തിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.