പൊന്നാനിയിൽ കപ്പലടുപ്പിക്കാനൊരുങ്ങി തുറമുഖ വകുപ്പ്
text_fieldsപൊന്നാനി: പൊന്നാനി തീരത്ത് കപ്പലടുപ്പിക്കാനൊരുങ്ങി തുറമുഖ വകുപ്പ്. കപ്പൽ ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട് മാരിടൈം ബോർഡ് ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതി സ്ഥലം സന്ദർശിച്ചു. ടെർമിനൽ നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതിനായിരുന്നു സന്ദർശനം. പഴയ ജങ്കാർ ജെട്ടിക്ക് സമീപം മൾട്ടിപർപ്പസ് തുറമുഖം നിർമിക്കാനാണ് തീരുമാനം.
ഇവിടെ കപ്പലിനടുക്കാൻ പാകത്തിൽ 100 മീറ്റർ നീളത്തിൽ പുതിയ വാർഫ് നിർമിക്കും. ഇതിനോടനുബന്ധിച്ച മറ്റു പശ്ചാത്തല വികസനവും നടത്തും. ചരക്ക് കപ്പലുകളും യാത്ര കപ്പലുകളും എളുപ്പം അടുക്കാവുന്ന തരത്തിൽ നാല് മീറ്റർ വരെ ആഴം ഉറപ്പാക്കുകയും ചെയ്യും. നിലവിലെ കണക്കനുസരിച്ച് ഹാർബർ പ്രദേശത്ത് പദ്ധതിക്ക് ആവശ്യമായ ആഴമുണ്ടെന്നാണ് കണ്ടെത്തൽ. 50 കോടി ചെലവിലാണ് ആദ്യഘട്ട പദ്ധതി ഒരുങ്ങുക.
ഇതിന്റെ ഡി.പി.ആർ മൂന്നാഴ്ചക്കകം സമർപ്പിക്കും. പി. നന്ദകുമാർ എം.എൽ.എയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് പദ്ധതി ഒരുക്കുന്നത്. ചരക്ക് യാത്ര ഗതാഗത സൗകര്യങ്ങൾക്ക് ഊന്നൽ നൽകിയാകും പദ്ധതി പൂർത്തീകരിക്കുക.കപ്പൽ ടെർമിനൽ ടൂറിസം രംഗത്ത് വൻ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി സ്ഥല സന്ദർശനത്തിന് ശേഷം പൊന്നാനി പൊതുമരാമത്ത് വിശ്രമ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, സി.ഇ.ഒ ടി.പി. സലിം കുമാർ, ഹാർബർ സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് അൻസാരി, കോഴിക്കോട് പോർട്ട് ഓഫിസർ അശ്വനി പ്രതാപ്, ഹാർബർ എക്സിക്യൂട്ടിവ് എൻജിനീയർ രാജീവ്, സീനിയർ പോർട്ട് കൺസർവേറ്റർ വി.വി. പ്രസാദ്, മുൻ നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.