മഴ കുത്തിയൊഴുകിയത് ഉറൂബ് ലൈബ്രറിയിലേക്ക്
text_fieldsപൊന്നാനി: ‘സാമ്രാജ്യാധിപന്നല്ലായിരുന്നെങ്കിൽ ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം’ നെപ്പോളിയൻ...പൊന്നാനി നഗരസഭ ലൈബ്രറിയായ ഉറൂബ് ലൈബ്രറിയിലെ പോസ്റ്ററുകളിലൊന്നാണിത്. സ്വേച്ഛാധിപത്യ ഭരണം നടത്തിയ നെപ്പോളിയൻ പോലും ഗ്രന്ഥശാലകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇത്തരമൊരു ഉദ്ധരി നടത്തിയെങ്കിലും ഉറൂബിന്റെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഗ്രന്ഥശാലയോടുള്ള അധികൃത അവഗണന മാപ്പർഹിക്കാത്തതാണ്.
മഴയിൽ ലൈബ്രറി പൂർണമായും ചോർന്നൊലിച്ചതോടെ പുസ്തകളെല്ലാം നഗരസഭ കാര്യാലയത്തിലേക്ക് മാറ്റി. കൂടാതെ ഉറൂബിന്റെ സ്മരണകൾക്ക് മരണമണി മുഴക്കി ലൈബ്രറി അടച്ചിടുകയും ചെയ്തു. കാലങ്ങളായി അറ്റകുറ്റപണികൾ നടത്താൻ അധികൃതർ തയാറാവാതിരുന്നതോടെയാണ് മഴയിൽ ലൈബ്രറി പ്രവർത്തിക്കാനാവാത്ത സ്ഥിതിയിലെത്തിയത്. മഴവെള്ളം പൂർണമായും ലൈബ്രറിയിൽ തളം കെട്ടിയതോടെയാണ് പുസ്തകങ്ങൾ ഇവിടെനിന്നും മാറ്റിയത്. കഴിഞ്ഞ വർഷത്തെ മഴയിൽ ലൈബ്രറിയിലുണ്ടായിരുന്ന ഷേക്സ്പിയർ സമ്പൂർണ കൃതികൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ നശിച്ചിരുന്നു.
ശോച്യാവസ്ഥയിലായ ശുചിമുറി അറ്റകുറ്റപണി നടത്താൻ പോലും അധികൃതർ തയാറാവുന്നില്ലെന്നാണ് പരാതി. പൊന്നാനി നഗരസഭയിലെ രണ്ടാം വാർഡിൽ ടൗണിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ ലൈബ്രറിയുടെ പ്രവർത്തനസമയം ഇപ്പോൾ ഉച്ചമുതൽ വൈകുന്നേരം വരെ മാത്രമാണ്. ഇതുമുഴുവൻ സമയമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായിട്ടില്ല. 1997ൽ പഴയ പൊന്നാനി നഗരസഭ ഓഫിസിന് സമീപത്തായി പ്രവർത്തനമാരംഭിച്ച ലൈബ്രറിയിൽ ദിനംപ്രതി 150 ലേറെ ആളുകളാണ് എത്തിയിരുന്നത്.
എന്നാൽ കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം അഞ്ചോ, ആറോ പേർ മാത്രമാണ് ഇപ്പോൾ എത്തുന്നത്. സാംസ്കാരിക സമുച്ചയമായി തുടങ്ങിയ കെട്ടിടത്തിനുകീഴിൽ സാഹിത്യ വേദി, കലാവേദി തുടങ്ങിയവയും പ്രവർത്തിച്ചിരുന്നു. പിന്നീട് കെട്ടിടത്തിനുണ്ടായ ചോർച്ചമൂലം പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുകയായിരുന്നു.
ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയിൽ ഒരു താൽക്കാലിക ജീവനക്കാരി മാത്രമാണ് ഇപ്പോഴുള്ളത്. ലൈബ്രറിയുടെ പിൻഭാഗത്ത് പ്രവർത്തിച്ചിരുന്ന ഐ.സി.ഡി.എസ് കെട്ടിടം ഒഴിവാക്കി ലൈബ്രറി നവീകരണത്തിന് പദ്ധതി തയാറാക്കിയിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് രൂപ ചെലവിൽ ഭൗതിക സാഹചര്യ വികസനം, പുതിയ അലമാരകൾ സ്ഥാപിക്കൽ, ആവശ്യമായ പുസ്തകങ്ങൾ, സാംസ്കാരിക പരിപാടികൾ നടത്തുന്ന ഹാൾ എന്നിവ നിർമ്മിക്കുമെന്നായിരുന്നു വാഗ്ദാനം.
പൊന്നാനിയിലെ സാംസ്കാരിക പരിപാടികൾ നടത്തുന്ന ഇടമാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമാണ് പാളിയത്. കൂടാതെ അക്കാദമിക പഠനകേന്ദ്രത്തിനാവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയും ഇ ലൈബ്രറി സ്ഥാപിച്ച് പൊതുസേവനങ്ങൾ നൽകുന്നതിനും ലൈബ്രറിയെ സജ്ജമാക്കുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. ഇപ്പോൾ ലൈബ്രറി സമീപത്തെ കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തിക്കാനുള്ള നീക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.