പുനരുദ്ധാരണം പൂർത്തിയായി; മിസ്രി പള്ളി ഇനി പൈതൃക സംരക്ഷണ ഭവനം
text_fieldsപൊന്നാനി: നൂറ്റാണ്ടുകളുടെ പൈതൃകവും പാരമ്പര്യവുമുള്ള പൊന്നാനിയിലെ മിസ്രി പള്ളി ഇനി പൈതൃക സംരക്ഷണ ഭവനം. പൈതൃക സംരക്ഷണ പദ്ധതിയായ മുസ്രിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സർക്കാർ 85 ലക്ഷം രൂപ ചെലവഴിച്ച് പള്ളിയുടെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കി. പ്രവൃത്തി പൂർത്തീകരണത്തിന്റെ ഉദ്ഘാടനം ജൂൺ 10ന് വൈകീട്ട് 4.30ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.
സാമൂതിരി രാജാവിന്റെ നാവികസേനയുടെ ആസ്ഥാനമായിരുന്ന പൊന്നാനിയിൽ പോർച്ചുഗീസുകാർക്കെതിരെയുള്ള പോരാട്ടത്തിൽ സാമൂതിരിയുടെ കുഞ്ഞാലി മരയ്ക്കാർ സൈന്യത്തെ സഹായിക്കാനായി ഈജിപ്തിൽനിന്ന് സൈന്യം വന്നിരുന്നുവെന്നും അവർക്കായി 16ാം നൂറ്റാണ്ടിൽ നിർമിച്ചതാണ് മിസ്രി പള്ളിയെന്നുമാണ് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത്.
500 വർഷം പഴക്കമുള്ള പള്ളിക്ക് കാലപ്പഴക്കത്താൽ തകർച്ച നേരിട്ടതോടെ പുതുക്കിപ്പണിയുന്നതിനായി മുൻഭാഗം പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ, പഴമയും പൈതൃകവും നിറഞ്ഞ ചരിത്രശേഷിപ്പിനെ അതേ രീതിയിൽ നിലനിർത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെ അന്നത്തെ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണൻ വിഷയത്തിൽ ഇടപെടുകയും പള്ളിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുകയുമായിരുന്നു.
പള്ളിയുടെ തനതായ ശൈലിക്ക് അനുയോജ്യമായ രീതിയിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ആരാധനാകേന്ദ്രമെന്നതിനോടൊപ്പം സ്വാതന്ത്ര്യസമരത്തിന്റെയും സംസ്കാര സമന്വയത്തിന്റെയും അടയാളം കൂടിയാണ് മിസ്രി പള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.