സ്നേഹത്തിൽ കരസ്പർശം: കടലാക്രമണ ബാധിതർക്ക് വീടൊരുക്കാൻ തീരം ഫൗണ്ടേഷൻ, വീടുകൾക്ക് തറക്കല്ലിട്ടു
text_fieldsപൊന്നാനി: കടലാക്രമണത്തിൽ ഭവന രഹിതരായി തെരുവിലിറക്കപ്പെട്ടവർക്ക് കരുതലിെൻറ ആകാശം തീർത്ത് തീരം ഫൗണ്ടേഷൻ. ആശ്വാസത്തോടെ തല ചായ്ക്കാൻ അടച്ചുറപ്പുള്ള കൂര തേടി അലയുന്നവർക്കായി വീടൊരുക്കുന്ന പദ്ധതിക്ക് സമാരംഭമായി. വിവിധ കാരണങ്ങളാൽ സർക്കാർ പുനരധിവാസ പട്ടികക്ക് പുറത്തു നിൽക്കുന്നവരിലേക്കാണ് സാന്ത്വനത്തിെൻറ കൈ നീട്ടുന്നത്. 42 വീടുകൾ ഒരുക്കുന്ന പാർപ്പിട പദ്ധതിക്ക് തുടക്കമായി.വെളിയങ്കോട് താവളക്കുളത്ത് 84 സെൻറിലാണ് വീടുകൾ നിർമിക്കുന്നത്.
800 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മുകളിലും താഴേയുമായി ഫ്ലാറ്റ് മാതൃകയിലാണ് വീടുകൾ ഒരുക്കുക. പൊന്നാനി തീരദേശ മേഖലയിലെ ദുരിതബാധിതർക്കായി സർക്കാർ നടപ്പാക്കിയ ഫിഷിംഗ് ഹാർബറിലെ ഭവന സമുച്ചയത്തിലും പുനർഗേഹം പദ്ധതിയിലും ഇടം ലഭിക്കാതെ പോയവരാണ് താവളക്കുളത്തെ ഭവന സമുച്ചയത്തിലേക്കുള്ള ഗുണഭോക്തൃ പട്ടികയിൽ ഇടം നേടുക. വ്യക്തികളും കൂട്ടായ്മകളും നൽകുന്ന സഹായത്തിൽ നിന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ ആളുകളിൽനിന്ന് സഹായം ഇനിയും പ്രതീക്ഷിക്കുന്നു.
തീരദേശമേഖലയിൽ പുനരധിവാസം ഒരുക്കുന്നതോടൊപ്പം സാമൂഹിക സാംസ്കാരിക വികസന മേഖലയിലും ഇടപെടൽ നടത്തുക എന്നതും സംഘടനയുടെ ലക്ഷ്യമാണ്. പൊന്നാനിയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് തീരം ഫൗണ്ടേഷൻ. പദ്ധതിയുടെ സമാരംഭം പി. വിജയൻ കൊച്ചി റേഞ്ച് ഐ.ജി, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു, വൈസ് പ്രസിഡൻറ് ഫൗസിയ, ഫർഹാൻ ബിയ്യം, സൈദ്, സ്മിത രതീഷ്, സുഫിയാൻ മൗലവി, അബ്ദുൽ ഗഫാർ അൽ കൗസരി, ശംസുദ്ദീൻ അൽ ഖാസിമി, ആർ.വി അഷറഫ്, പി. മുഹമ്മദ് നവാസ്, കെ.വി. സിറാജുദ്ദീൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.