മോഷ്ടാക്കൾ വിലസുന്നു
text_fieldsപൊന്നാനി: നഗരസഭയുടെ വിവിധയിടങ്ങളിൽ മോഷണ പരമ്പര നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മോഷ്ടാക്കളെ പിടികൂടാനാകാതെ പൊലീസ്. ഇതിനിടെ കഴിഞ്ഞ ദിവസവും പെട്ടികടയിൽ മോഷണം നടന്നു. വ്യാപാരികളെയും നാട്ടുകാരെയും ഭയത്തിലാക്കിയ മോഷ്ടാക്കളെ പിടികൂടാൻ സാധിക്കാത്തത് പൊലീസിന്റെ പിടിപ്പുകേടാണെന്ന പരാതി വ്യാപകമായി.
ഒരാഴ്ച മുമ്പ് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ പൊന്നാനി നഗരത്തിന്റെ വിവിധയിടങ്ങളിൽ വ്യാപക മോഷണമാണ് നടന്നത്. മോഷ്ടാക്കളെ പിടികൂടാൻ പൊലീസിന് സാധിക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കടകൾ കുത്തിത്തുറക്കുന്ന മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ട് പോലും തുടർ മോഷണങ്ങൾ നടക്കുന്നത് പൊലീസിന്റെ നിഷ്ക്രിയത്വം മൂലമാണെന്നാണ് വ്യാപാരികളുടെ ആക്ഷേപം.
സമാനമായ രീതിയിലാണ് എല്ലാ കടകളും കുത്തിതുറന്ന് മോഷണം നടത്തിയിട്ടുള്ളത്. പതിവായി മോഷണം നടത്തുന്നവരാണ് ഇപ്പോഴത്തെ മോഷണ സംഘമെന്ന് സംശയമുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ പൊലീസിന് കഴിയാത്തത് മോഷണം പെരുകാൻ ഇടയാക്കുന്നുണ്ട്. പൊലീസ് പട്രോളിങ് നടക്കുന്നതിനിടെയാണ് പുഴമ്പ്രം , ബിയ്യം മേഖലകളിൽ മോഷണം നടന്നത്.
മോഷണത്തിൽ പൊറുതിമുട്ടി വളപ്പിലകത്ത് ഹംസത്ത്; രണ്ടാഴ്ചക്കിടെ മൂന്ന് തവണയാണ് ഇയാളുടെ പെട്ടികടയിൽ മോഷണം നടന്നത്
പൊന്നാനി: നിരന്തര മോഷണത്തിൽ പൊറുതിമുട്ടി വളപ്പിലകത്ത് ഹംസത്ത്. ഹൃദ് രോഗിയും, കാഴ്ചപരിമിതനുമായ ഹംസത്തിന്റെ പെട്ടിക്കടയിലാണ് തുടർച്ചയായ മോഷണം നടന്നത്. പൊന്നാനി നിളയോര പാതയിൽ മറൈൻ മ്യൂസിയത്തിന് സമീപമാണ് ഹംസത്തിന്റെ പെട്ടിക്കട.
രണ്ടാഴ്ച മുമ്പ് നടന്ന മോഷണത്തിൽ കടയിലെ സാധനങ്ങൾ നഷ്ടപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം കടയിലെ മുഴുവൻ സാധനങ്ങളും മോഷ്ടാക്കൾ അപഹരിച്ചു. കടം വാങ്ങിയും സഹായമായും ലഭിച്ച തുക കൊണ്ട് സാധനങ്ങൾ വാങ്ങിയെങ്കിലും തിങ്കളാഴ്ച രാത്രി വീണ്ടും സാധനങ്ങളും 500 രൂപയും മോഷണം പോയി. രാവിലെ വന്നപ്പോഴാണ് കടയുടെ ഒരുഭാഗം പൊളിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ഹംസത്ത് പൊലീസിൽ പരാതി നൽകി.
ഹൃദ് രോഗിയും, കാഴ്ചപരിമിതനുമായ ഹംസത്തിന് സുമനസ്സുകളുടെ സഹായത്തോടെയാണ് കട വെച്ചു നൽകിയത്. ആഴ്ചകൾക്ക് മുമ്പ് പൊന്നാനി നഗരത്തിന്റെ വിവിധയിടങ്ങളിൽ മോഷണം നടന്നിരുന്നു. മോഷ്ടാവിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.