തീരത്തെ വോട്ടോളങ്ങൾ...
text_fieldsപൊന്നാനി: കടലോളം തിരയിളക്കമുണ്ട് മത്സ്യത്തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക്. കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും മത്സ്യമേഖലയെ ഞെരിച്ചമർത്തുന്നുവെന്ന പരിദേവനത്തിനിടയിൽ എത്തിയ തെരഞ്ഞെടുപ്പിന് പ്രസക്തിയേറെയാണ്. ലക്ഷകണക്കിനാളുകളുടെ ഉപജീവന മാർഗവും സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിക്കൊടുക്കുകയും ചെയ്യുന്ന മേഖലയാണ് മത്സ്യ ബന്ധനം.
സഹായിക്കുന്നതിന് പകരം ഇന്ധന സബ്സിഡി പോലുമില്ലാതായതോടെ കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ് മേഖല. ഇതിന് പുറമെ ഫിഷറീസ് വകുപ്പ് കടലിൽ അനാവശ്യ പരിശോധനയും ഭീമമായ പിഴ ചുമത്തുകയും ചെയ്യുന്നതിനെതിരെ ജില്ലയിലെ ബോട്ടുടമകൾ രംഗത്ത് വന്നിരുന്നു. മത്സ്യമേഖലയോട് മുഖം തിരിഞ്ഞു നിൽക്കുന്നവർക്ക് വോട്ടില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ.
മത്സ്യബന്ധന മേഖലയെ പാടെ അവഗണിക്കുകയാണ് കേന്ദ്രസർക്കാറെന്ന് ബോട്ട് ഓണേഴ്സ് ജില്ല സെക്രട്ടറി സജാദ് പറയുന്നു. എല്ലാ കാലവും വലിയ വാഗ്ദാനങ്ങൾ നൽകി വോട്ട് തേടുന്നവർ പിന്നീട് ഒന്നും ചെയ്യുന്നില്ല. മത്സ്യബന്ധനത്തിനിടെ അപകടത്തിൽ പെടുമ്പോൾ പോലും കാര്യമായ സഹായങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. മതേതര മുന്നണി അധികാരത്തിൽ വന്നാൽ മാത്രമെ ഇതിന് പരിഹാരമാകൂവെന്നും സജാദ് പറഞ്ഞു.
കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് മത്സ്യത്തൊഴിലാളിയായ അയ്യൂബ് പറയുന്നു. പൊന്നാനിയിൽ മികച്ച പോരാട്ടമാണ് നടക്കുന്നതെന്നും സി.എ.എ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടതുപക്ഷം സ്വീകരിച്ച നിലപാട് മാതൃകപരമാണെന്നും അയ്യൂബ്.
പാർലമെൻറിൽ സമദാനി എത്തുമെന്ന് ഉറപ്പാണെന്ന് മുൻ കൗൺസിലർ കൂടിയായ അത്തീഖ് പറമ്പിൽ പറയുന്നു. ജനം വെറുത്ത സർക്കാറായി പത്ത് വർഷത്തെ ഭരണം കൊണ്ട് മോദി സർക്കാർ മാറിയെന്നും മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന പിണറായി സർക്കാറിനുള്ള മറുപടി കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും അത്തീഖ് കൂട്ടിച്ചേർത്തു
പൊന്നാനിയുടെ ചരിത്രത്തിലെ അട്ടിമറി നടക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് മത്സ്യത്തൊഴിലാളിയായ കോയ പറഞ്ഞു. 2004ൽ മഞ്ചേരിയിൽ ടി.കെ. ഹംസ ജയിച്ചതിന് ശേഷം മറ്റൊരു ഹംസ പൊന്നാനിയിൽ ചരിത്രം കുറിക്കുമെന്നും കോയ പറഞ്ഞു.
സമദാനി ഇത്തവണ ഭൂരിപക്ഷം വർധിപ്പിക്കുമെന്നാണ് കെ. സക്കീറിന്റെ അഭിപ്രായം. രാജ്യത്തെ നയിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്നും, കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി തീർച്ചയായും അധികാരത്തിൽ വരുമെന്നും സക്കീർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.