ഇന്ന് ലോക മാനസികാരോഗ്യ ദിനം; മാനസിക രോഗികൾക്ക് തണലേകാൻ പൊന്നാനി മാതൃക
text_fieldsപൊന്നാനി: അസുഖ ബാധിതനായ ഭർത്താവിന് സദാ കൂട്ടാവേണ്ട ഭാര്യക്ക് ചിത്ത രോഗം ബാധിച്ചതോടെ ഭർതൃവീട്ടുകാർ അവളെ ഉപേക്ഷിച്ചു. ബന്ധുക്കൾ നാലു ചുവരുകൾക്കുള്ളിൽ അടച്ചിട്ടതോടെ വിവരമറിഞ്ഞ് കാരുണ്യ സ്പർശവുമായി അവരെത്തി. തുടർന്ന് നടത്തിയ ചികിത്സയിൽ രോഗം പൂർണമായി ഭേദമായതോടെ രോഗബാധിതനായ ഭർത്താവിനരികിലേക്ക് യുവതി എത്തി. ഇത്തരം വീണ്ടെടുപ്പിന്റെ നല്ല അനുഭവങ്ങൾക്ക് സാക്ഷിയാവുകയാണ് പൊന്നാനി.
മാനസിക രോഗിയായി പത്ത് വർഷം ഭാണ്ഡക്കെട്ടുകൾ പേറി തെരുവിൽ അലഞ്ഞ മനുഷ്യനെ ഏതാനും മാസത്തെ ചികിത്സയും സ്നേഹപരിചരണവും നൽകി ജീവിതത്തിലേക്ക് വഴിനടത്തിയതും പൊന്നാനിയിലെ എമർജൻസി കെയർ ആൻഡ് റിക്കവറി സെന്ററിന്റെ സ്നേഹത്തണലിലാണ്. പാലിയേറ്റിവ് പ്രവർത്തന രംഗത്ത് ലോകത്തിന് മാതൃകയായി മാറിയ മലപ്പുറം ജില്ലയിൽനിന്ന് തന്നെ മനോരോഗ ചികിത്സയിൽ മറ്റൊരു മാതൃക തീർക്കുകയാണ് പൊന്നാനി. പ്രാദേശിക ഭരണസംവിധാനത്തിനൊപ്പം ചേർന്നുകൊണ്ട് 'ദി ബാന്യൻ' എന്ന സന്നദ്ധ സംഘടയുടെ സഹായത്തോടെ തെരുവിൽ അലയുന്ന മാനസിക രോഗികൾക്ക് ചികിത്സയും പുനരധിവാസവും നൽകാനാണ് സ്ഥാപനം ആരംഭിച്ചത്. തെരുവിലലയുന്നവർക്ക് അഭയ കേന്ദ്രമൊരുക്കുന്ന രാജ്യത്തെ ആദ്യ പ്രാദേശിക ഭരണകൂടമാണ് പൊന്നാനി നഗരസഭ.
മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് എന്ന കൂട്ടായ്മയുടെ സഹകരണത്തോടെ പൊന്നാനി ശാന്തി പാലിയേറ്റിവ് കെയർ കമ്യൂണിറ്റി സൈക്യാട്രി പദ്ധതി വഴി നിരവധി മനുഷ്യരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെടുത്ത് സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.
ജില്ലയിലെ 74 പാലിയേറ്റിവ് സെന്ററുകൾ വഴിയുള്ള കമ്യൂണിറ്റി സൈക്യാട്രി പ്രവർത്തനത്തിന്റെ ചുവടുപിടിച്ചാണ് പൊന്നാനിയിൽ ഹാപ്പിനെസ് സെന്റർ പ്രവർത്തനം തുടങ്ങിയത്. മനോരോഗങ്ങളെ മാറാരോഗമായി കാണുന്നവർക്ക് മനംതുറന്ന് കാണാവുന്ന അനുഭവങ്ങളാണ് പൊന്നാനിയിലേത്. ദി ബാനിയൻ െഡപ്യൂട്ടി ഡയറക്ടർ സ്വാലിഹ്, ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് അംഗങ്ങളായ അക്ബർ മൂസ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എമർജൻസി കെയർ ആൻഡ് റിക്കവറി സെന്റർ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.