പൊന്നാനി ഫിഷിങ് ഹാർബറിൽ ടോൾ ഏർപ്പെടുത്തുന്നു
text_fieldsപൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിൽ ബോട്ടുകൾ അടുപ്പിക്കാനും ഹാർബറിൽ വാണിജ്യാവശ്യങ്ങൾക്കായി പ്രവേശിക്കാനും ഇനി ടോൾ നൽകണം. ഏറെ എതിർപ്പുകൾക്കിടെയാണ് പൊന്നാനി ഫിഷിങ് ഹാർബറിൽ ടോൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ടോൾ നടപടികളുടെ ഭാഗമായി ടെൻഡർ നടപടികൾ ആരംഭിച്ചു.
പൊന്നാനി ഹാർബർ എൻജിനീയറിങ് വകുപ്പ് ഓഫിസിൽ നടന്ന ടെൻഡറിൽ അഞ്ചുപേർ പങ്കെടുത്തു. പത്തുലക്ഷം രൂപയാണ് ഒരുവർഷത്തേക്ക് സർക്കാർ നിശ്ചയിച്ച അടിസ്ഥാന ലേലത്തുക. ടെൻഡർ ഇന്ന് തുറക്കും. ഈ മാസാവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടോൾ പിരിവ് ആരംഭിക്കാനാണ് തീരുമാനം.
ബോട്ടുകൾക്ക് ഹാർബറിൽ അടുപ്പിക്കാൻ 60 രൂപയും വലിയ വള്ളങ്ങൾക്ക് 50 രൂപയും ചെറുവള്ളങ്ങൾക്ക് 30 രൂപയും ഹാർബറിലേക്ക് മത്സ്യം എടുക്കാനായി എത്തുന്ന വാഹനങ്ങൾക്ക് 15 മുതൽ 85 രൂപ വരെയുമാണ് ടോൾ നൽകേണ്ടി വരിക. സൈക്കിളിന് വരെ ടോൾ ഏർപ്പെടുത്തും.
വിവിധ ആവശ്യങ്ങൾക്കായി ഹാർബറിൽ വന്നുപോകുന്ന ഇരുചക്രവാഹനങ്ങൾക്കും ടോൾ നൽകേണ്ടിവരും. കഴിഞ്ഞവർഷം മുതലാണ് പൊന്നാനി ഫിഷിങ് ഹാർബറിൽ പൂർണമായ തോതിൽ മത്സ്യബന്ധനം ആരംഭിച്ചത്. വർഷങ്ങളായി നിർമാണം പൂർത്തീകരിച്ചെങ്കിലും അടുപ്പിക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടിയായിരുന്നു ബോട്ടുകൾ ഹാർബറിൽ അടുക്കാതിരുന്നത്. നേരത്തേ പഴയ പാതാർ കേന്ദ്രീകരിച്ചായിരുന്നു മത്സ്യബന്ധനം നടന്നിരുന്നത്.
കഴിഞ്ഞവർഷം മുതൽ ഹാർബർ പ്രവർത്തനം ആരംഭിച്ചതിനെത്തുടർന്നാണ് ടോൾ ഏർപ്പെടുത്താൻ സർക്കാർ രംഗത്തെത്തിയത്. പുതിയ വാർഫിെൻറ നിർമാണവും പൂർത്തിയായാൽ നിരവധി പേർ ഹാർബറിലെത്തും. അതേസമയം, ഹാർബറിലെ മത്സ്യസംസ്കരണ കേന്ദ്രങ്ങൾ ഉപയോഗിക്കാൻ തൊഴിലാളികൾ വാടക നൽകുന്നുണ്ട്. ഇതിനിടെ ടോൾ കൂടി നൽകേണ്ടി വരുന്നതിൽ മത്സ്യത്തൊഴിലാളികൾക്കിടയിൽ അമർഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.